നിങ്ങള്‍ നശീകരണ പക്ഷം!' എന്തിനെയും എതിര്‍ക്കുക എന്നത് നയം; താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയില്ല; സംവാദത്തിന് വെല്ലുവിളിച്ച വി ഡി സതീശനെതിരെ കൂരമ്പുമായി പിണറായി വിജയന്‍; ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര് സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു; പരസ്യ സംവാദത്തിന് സ്ഥലവും തീയതിയും കുറിക്കുമോ?
മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര് സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌പോര് സോഷ്യല്‍ മീഡിയയിലും കനക്കുന്നു. തന്നെ സംവാദത്തിന് ക്ഷണിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ പോരാട്ടം പുതിയ തലത്തിലെത്തി.
പ്രതിപക്ഷ നേതാവ് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 'ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഉത്തരം കാണുന്നില്ല. പകരം വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ്.
താന്‍ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ 'പരിതാപകരം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, 'പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്,' എന്നും വിമര്‍ശിച്ചു. 'എന്തിനെയും എതിര്‍ക്കുക എന്നത് നയമായി സ്വീകരിച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങള്‍
സംവാദത്തിന് ക്ഷണിച്ച പ്രതിപക്ഷ നേതാവിനോട് താന്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുന്‍പ് സ്വീകരിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചത്.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടില്‍ അദ്ദേഹം ചില കാര്യങ്ങള്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ്. ഞാന്‍ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.
പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിര്‍ക്കുക എന്നത് നയമായി സ്വീകരിച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാന്‍ കഴിയില്ല. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുന്‍പ് സ്വീകരിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായും എന്നാല്‍ തനിക്ക് മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാനുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു.സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഈ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് എങ്ങനെ മറുപടി നല്‍കുമെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച പ്രധാന ആരോപണങ്ങള്‍
പ്രതിരോധത്തില്‍ നില്‍ക്കുന്നത് താനോ കോണ്‍ഗ്രസോ അല്ല, മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണെന്ന് സതീശന്‍ ആവര്‍ത്തിച്ചു. അദ്ദേഹം ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ ഇവയാണ്:
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സഖാക്കള്‍ ജയിലിലാണെന്ന കാര്യം മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കുന്നു. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തുപിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്താണ് കോണ്‍ഗ്രസ് തലയുയര്‍ത്തി നില്‍ക്കുന്നത്. ലെംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ? ആ രണ്ടുപേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ചോദ്യങ്ങള്‍:
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരാണ്? മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത് ആരാണ്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ സിനിമാ പ്രവര്‍ത്തക നല്‍കിയ പരാതി എത്ര ദിവസമാണ് പൂഴ്ത്തിവച്ചത്? അത് പോലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത് എന്തുകൊണ്ടാണ്?
വിവിധ ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്തുപിടിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
