'നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു': മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം

മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം

Update: 2025-08-12 17:15 GMT

മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രിയെ ചൊല്ലി വേദിയില്‍ വച്ച് ആരോഗ്യ മന്ത്രിയും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സനും തമ്മില്‍ തര്‍ക്കം. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴണ് മന്ത്രി വീണ ജോര്‍ജുമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എന്‍.സുബൈദ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്്. ജനറല്‍ ആശുപത്രിക്കായി വാങ്ങിയ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും മറ്റു നേതാക്കള്‍ കൂടി വിഷയം ഏറ്റുപിടിച്ചതോടെ തര്‍ക്കം നീണ്ടു. യുഎ ലത്തീഫ് എംഎല്‍എയാണ് ജനറല്‍ ആശുപത്രി വിഷയം വേദിയില്‍ ഉയര്‍ത്തിയത്. ആശുപത്രി ഡെവലപ്പ്‌മെന്റ് അതോറിറ്റി വാങ്ങിയ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷനായിരുന്ന യു.എ ലത്തീഫ് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇതോടെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മന്ത്രി വീണ ജോര്‍ജ് വീണ്ടും മൈക്കിന് അരികിലെത്തി എംഎല്‍എക്ക് മറുപടി നല്‍കി. 2016 ല്‍ തന്നെ മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയതിന് ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പും മന്ത്രി ഉയര്‍ത്തി കാണിച്ചു.

മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭക്ക് കൈമാറിയിട്ടുണ്ടെന്നും ഇനി കാര്യങ്ങള്‍ ചെയ്യേണ്ടത് അവരാണെന്നും മന്ത്രി മറുപടിയായി മൈക്കിലൂടെ തന്നെ പറഞ്ഞു. ഇതിനിടെയാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇടപെട്ടത്. ഇത് വാസ്തവ വിരുദ്ധമാണെന്നും ഔദ്യോഗിക വിവരം ലഭിച്ചില്ലെന്നും ചെയര്‍പേഴ്‌സണ്‍ വി.എന്‍.സുബൈദ പറഞ്ഞു. ഇതോടെ മന്ത്രി തന്റെ കൈയില്‍ അതിന്റെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു. കുറച്ച് രേഖകള്‍ ഉയര്‍ത്തികാണിച്ചു.

'നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്. ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നു' എന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ മന്ത്രിക്കരികിലേക്ക് വന്നു. ഇതോടെ, കൈയിലുള്ളത് അതിന്റെ ഉത്തരവാണെന്ന് പറഞ്ഞ് മന്ത്രി ഇറങ്ങിപോകുകയായിരുന്നു. മന്ത്രി വേദിവിട്ടെങ്കിലും ഈ വാക്കേറ്റം പരിസരം വിട്ടിരുന്നില്ല. ചെയര്‍പേഴ്‌സണ് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐയും വന്നതോടെ സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാന്തരീക്ഷമായിരുന്നു.

Tags:    

Similar News