തമ്മില്‍ തല്ലിയ കാലം കഴിഞ്ഞു; ഇനി ഐക്യത്തിന്റെ മഞ്ഞുരുകല്‍! സുകുമാരന്‍ നായരെ കാണാന്‍ വെള്ളാപ്പള്ളി പെരുന്നയിലേക്ക്; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സുകുമാരന്‍ നായര്‍; നായാടി മുതല്‍ നസ്രാണി വരെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നയം മാറ്റുമ്പോള്‍ പിന്തുണയുമായി എന്‍എസ്എസ്; സമുദായ നേതാക്കള്‍ ഒന്നിക്കുമോ?

സമുദായ നേതാക്കള്‍ ഒന്നിക്കുമോ?

Update: 2026-01-17 17:34 GMT

തിരുവനന്തപുരം: എന്‍.എസ്.എസും എസ്.എന്‍.ഡി.പിയോഗവും തമ്മിലുള്ള ബന്ധത്തിലുണ്ടായ അകല്‍ച്ചയ്ക്ക് പ്രധാനമായും രാഷ്ട്രീയവും സാമുദായികവുമായ ചില കാരണങ്ങളുണ്ട്. ദശകങ്ങള്‍ക്ക് മുമ്പ് മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചേര്‍ന്ന് കെട്ടിപ്പടുത്ത 'ഹിന്ദു മഹാമണ്ഡലം' എന്ന ഐക്യനിരയില്‍ നിന്ന് ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ രണ്ടുസംഘടനകളും മുഖം തിരിച്ചുനില്‍പ്പാണ്.

എന്‍.എസ്.എസുമായി മഞ്ഞുരുകുന്നു?

കൊച്ചിയില്‍ എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ പരിപാടിയിലെ വെള്ളാപ്പള്ളിയുടെ

സംഭാഷണത്തില്‍ ഏറ്റവും ശ്രദ്ധേയമായത് എന്‍.എസ്.എസ് നേതൃത്വവുമായുള്ള ബന്ധത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന മാറ്റമാണ്. എന്‍എസ്എസ് നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ജി. സുകുമാരന്‍ നായര്‍ക്ക് അസുഖമായിരുന്നപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും പഴയ രീതിയിലുള്ള ഒരു അകല്‍ച്ച ഇപ്പോള്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ചുനില്‍ക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

ജി. സുകുമാരന്‍ നായരുടെ നിലപാട്

വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനായി വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കില്‍ എന്‍.എസ്.എസ് നേതൃത്വം അത് ഗൗരവമായി ആലോചിക്കുമെന്നും ഐക്യത്തിനുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിനോട്പറഞ്ഞു.

89 വയസ്സുള്ള മുതിര്‍ന്ന സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് ഭൂഷണമല്ല. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമര്‍ശിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ അദ്ദേഹം പരിഹസിച്ചു. 'വെള്ളാപ്പള്ളി നടേശന്‍ കാര്‍ കാണാത്ത ആളാണോ?' എന്ന് ചോദിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങള്‍ വിവാദമാക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് വ്യക്തമാക്കി. വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹം കണ്ടത്ര കാറുകള്‍ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തെപ്പറ്റി വെള്ളാപ്പള്ളി ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചാല്‍ സംഘടനയുടെ ഉന്നത നേതൃത്വം ചേര്‍ന്ന് തീരുമാനമെടുക്കും. മുന്‍പ് ഐക്യം തകര്‍ത്തത് യു.ഡി.എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍.എസ്.എസ് 'സമദൂര' നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. വര്‍ഗീയതയ്‌ക്കെതിരെയും മതേതരത്വത്തിന് അനുകൂലമായും ഉള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്‍ പലപ്പോഴും എല്‍.ഡി.എഫ് സര്‍ക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും മൃദുസമീപനം സ്വീകരിക്കാറുണ്ട്. എന്നാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിന്റെ പല നയങ്ങളെയും, പ്രത്യേകിച്ച് 'ശബരിമല' വിഷയത്തിലും 'മുന്നോക്ക സംവരണ' വിഷയത്തിലും കടുത്ത രീതിയില്‍ എതിര്‍ക്കുന്നു. ഈ രാഷ്ട്രീയ വൈരുദ്ധ്യം ഇരു സംഘടനകളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. അടുത്തകാലത്താണ് എന്‍എസ്എസ് സര്‍ക്കാരുമായി അടുക്കുകയും, അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയയ്ക്കുകയും ചെയ്തത്.

സംവരണ വിഷയത്തിലെ തര്‍ക്കം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10% സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എന്‍.എസ്.എസ് സ്വാഗതം ചെയ്തപ്പോള്‍, ഇത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്ന നിലപാടാണ് എസ്.എന്‍.ഡി.പി സ്വീകരിച്ചത്. ജാതി സെന്‍സസ് വേണമെന്ന എസ്.എന്‍.ഡി.പിയുടെ ആവശ്യത്തെ എന്‍.എസ്.എസ് ശക്തമായി എതിര്‍ക്കുന്നു. ജാതി സെന്‍സസ് സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് എന്‍.എസ്.എസിന്റെ വാദം.

നേതൃത്വങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ഭിന്നത

ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വ്യക്തിപരമായ വാക്‌പോരുകളും സംഘടനകള്‍ തമ്മിലുള്ള ഐക്യത്തെ ബാധിച്ചിട്ടുണ്ട്. മുന്‍പ് പലപ്പോഴും ഇരുവരും ഒരേ വേദിയില്‍ വരാറുള്ള 'ശരിദൂര' നിലപാടുകള്‍ ഇപ്പോള്‍ ഇല്ലാതായി.

ബി.ജെ.പി/ബി.ഡി.ജെ.എസ് ഘടകം

വെള്ളാപ്പള്ളി നടേശന്റെ കുടുംബം ബി.ഡി.ജെ.എസ് (BDJS) എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടികളുമായി നേരിട്ട് സഖ്യത്തിനില്ലെന്നും തങ്ങള്‍ക്കൊരു രാഷ്ട്രീയ പാര്‍ട്ടിയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

ചുരുക്കത്തില്‍, സംവരണം, ജാതി സെന്‍സസ്, എല്‍.ഡി.എഫ് സര്‍ക്കാരിനോടുള്ള സമീപനം എന്നീ മൂന്ന് കാര്യങ്ങളിലെ ആശയപരമായ ഭിന്നതയാണ് കേരളത്തിലെ ഈ രണ്ട് വലിയ സമുദായ സംഘടനകളെയും അകറ്റി നിര്‍ത്തുന്നത്.

നായാടി മുതല്‍ നസ്രാണി വരെ

അതിനിടെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പുതിയ മുദ്രാവാക്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. ദശകങ്ങളായി ഉയര്‍ത്തിയിരുന്ന 'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം പരിഷ്‌കരിച്ച് 'നായാടി മുതല്‍ നസ്രാണി വരെ' എന്ന പുതിയ ഐക്യനിരയ്ക്കാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്രൈസ്തവ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ പുതിയ നീക്കം കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. ക്രൈസ്തവ സമൂഹം ഇന്ന് വലിയ തോതിലുള്ള ഭയവും പ്രയാസങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ക്ക് ഒരു സംരക്ഷണം ആവശ്യമാണെന്നും വെള്ളാപ്പള്ളി അവകാശപ്പെടുന്നു. മുസ്ലിം സമുദായത്തോടുള്ള ഭയവും ഭീകരവാദത്തോടുള്ള ആശങ്കയും ക്രൈസ്തവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവരെ ഈ പുതിയ ഐക്യനിരയുടെ ഭാഗമാക്കുക എന്നതാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.

ബി.ജെ.പിക്കുള്ള വിമര്‍ശനം

ക്രൈസ്തവരെ ആകര്‍ഷിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. പി.സി. തോമസ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ മന്ത്രിമാരാക്കിയിട്ടും അനില്‍ ആന്റണിയെ കൂടെ കൂട്ടിയിട്ടും ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് എത്തുന്നില്ല. ഇതിന് കാരണം ക്രൈസ്തവ മതനേതാക്കള്‍ ബി.ജെ.പിയുമായി പൂര്‍ണ്ണമായി സഹകരിക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുമായി ചേരാന്‍ ആഗ്രഹമുണ്ടെങ്കിലും ചില ഘടകങ്ങള്‍ അവരെ പിന്നോട്ട് വലിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

Tags:    

Similar News