ദേവാലയങ്ങളില്‍ മണി മുഴങ്ങി; പ്രത്യാശയുടെ ദീപങ്ങള്‍ തെളിഞ്ഞു; തിരുപ്പിറവി ആഘോഷത്തില്‍ മുഴുകി വിശ്വാസികള്‍; യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യാശ പരക്കട്ടെ എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; വിശുദ്ധ കവാടം തുറന്നതോടെ വിശുദ്ധ വര്‍ഷാഘോഷങ്ങള്‍ക്കും തുടക്കമായി

വിശുദ്ധ കവാടം തുറന്നതോടെ വിശുദ്ധ വര്‍ഷാഘോഷങ്ങള്‍ക്കു തുടക്കമായി

Update: 2024-12-25 04:50 GMT

വത്തിക്കാന്‍ സിറ്റി: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തില്‍ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയും ബുധനാഴ്ച രാവിലെയുമായി പ്രത്യേകപ്രാര്‍ഥനയും കുര്‍ബാനയുമായി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. യുദ്ധവും അക്രമവും കാരണം തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

25 വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വര്‍ഷാഘോഷങ്ങള്‍ക്കും തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വര്‍ഷാചരണത്തില്‍ ഇവിടേക്ക് വിശ്വാസികള്‍ക്ക് തീര്‍ഥാടനം നടത്താം.

പൂര്‍ണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീര്‍ഥാടനമാണിത്. ഈ കാലയളവില്‍ 3.22 കോടി തീര്‍ഥാടകര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ജയിലില്‍ കഴിയുന്നവരോട് പ്രത്യേക ആഭിമുഖ്യം കാണിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അവര്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതിനായി റോമിലെ റെബിബിയ ജയിലില്‍ നാളെ മറ്റൊരു വിശുദ്ധ വാതില്‍ കൂടി തുറക്കും.

കത്തോലിക്കാ സഭയില്‍ 1300 ല്‍ ആണ് വിശുദ്ധ വര്‍ഷാചരണം ആരംഭിച്ചത്. ഇപ്പോള്‍ എല്ലാ 25 വര്‍ഷം കൂടുമ്പോള്‍ വിശുദ്ധ വര്‍ഷം ആചരിക്കുന്നു. വിശുദ്ധ വര്‍ഷം വത്തിക്കാനിലേക്കു നടത്തുന്ന തീര്‍ഥാടനം പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്നതായതിനാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഓരോ തവണയും വന്‍ വര്‍ധനയുണ്ട്.

മഹാജൂബിലിക്കായി 370 കോടി യൂറോ (32,797 കോടിയോളം രൂപ) ചെലവഴിച്ച് റോം നവീകരിച്ചിട്ടുണ്ട്. റോമില്‍ നിര്‍മിച്ച പുതിയ ചത്വരത്തില്‍ നിന്ന് വത്തിക്കാനിലേക്ക് തീര്‍ഥാടകര്‍ക്കായി പ്രത്യേക തീര്‍ഥാടക പാത തുറന്നിട്ടുണ്ട്. ദിവസം ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഈ വഴി സഞ്ചരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിദ്ധമായ ട്രെവി ജലധാര നവീകരിച്ച് ഞായറാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു.

Tags:    

Similar News