വിടവാങ്ങിയത് പണ്ഡിതനും പക്വതയുമുള്ള ഒരു ഭരണാധികാരി; മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി ഹഫർ അൽ ബത്തീൻ അനുശോചനം രേഖപ്പെടുത്തി

Update: 2024-12-27 16:12 GMT

റിയാദ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി ഹഫർ അൽ ബത്തീൻ അനുശോചനം രേഖപ്പെടുത്തി. പണ്ഡിതനും പക്വതയുള്ളതുമായ ഒരു ഭരണാധികാരിയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞകാല പ്രധാന മന്ത്രിമാരിൽ തന്റെ സ്വഭാവ മേന്മ കൊണ്ടും നയചാതുരി കൊണ്ടും സ്വന്തമായ ഇടം തീർത്ത സമുന്നത വ്യക്തിത്വത്തിന് ഉടമായിരുന്നു ഡോ. മൻമോഹൻ സിംഗ്.

വിശേഷിച്ചും സാമ്പത്തിക രംഗത്ത് അദ്ദേഹം പുലർത്തിയ കൃത്യവും കർക്കശവുമായ നയസമീപനങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി.

മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഉന്നതമായ സംസ്കാരം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സമൂഹത്തിന് നികത്തപ്പെടാൻ ആകാത്ത ഒരു തീരാനഷ്ടമാണെന്നും പ്രസിഡന്റ് വിബിൻ മറ്റത്ത്, ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക്, റീജിനൽ സെക്രട്ടറി സലീം കീരിക്കാട്,വൈസ് പ്രസിഡന്റ്മാരായ സജി പടിപ്പുര, ജിതേഷ് തെരുവത്ത്, അനൂപ് പ്രഭാകരൻ, ജനറൽ സെക്രട്ടറി ഷബ്‌നാസ് കണ്ണൂർ, സെക്രട്ടറി നിസാം കരുനാഗപ്പള്ളി, സുനിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    

Similar News