പട്ടാളക്കാരുടെ വാഹനങ്ങൾ ലക്ഷ്യമിട്ട് വെടിയുതിർത്തു; സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ച് രാജ്യത്തിന്റെ സുരക്ഷാ തകർക്കാനും ശ്രമം; സൗദിയിൽ മൂന്ന് ഭീകരവാദികളുടെ വധശിക്ഷ നടപ്പാക്കി

Update: 2025-12-31 13:56 GMT

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ നടത്തിയ മൂന്ന് സൗദി സ്വദേശികളെ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധേയരാക്കി. കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ അബു അബ്ദുല്ല, മൂസ ബിൻ ജാഫർ ബിൻ അബ്ദുല്ല അൽ സഖ്‌മാൻ, റിദ ബിൻ അലി ബിൻ മഹ്ദി അൽ അമ്മാർ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുക, അവരുടെ വാഹനങ്ങൾ ആക്രമിക്കുക, സുരക്ഷാ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുക എന്നിവയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ.

കൂടാതെ, ഭീകരപ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തതായും കണ്ടെത്തി. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയിൽ ഇവർ അംഗങ്ങളായിരുന്നു എന്നും വിചാരണയിൽ തെളിഞ്ഞു.

പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതിനെത്തുടർന്ന്, തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധി അപ്പീൽ കോടതികളും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് രാജകൽപ്പന പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്. 

Tags:    

Similar News