ചുറ്റും തീയും പുകയും കൊണ്ട് നിറഞ്ഞ ബസ്; ഡോർ തുറക്കാൻ പറ്റാതെ മരണഭയത്താൽ കുറച്ച് അധ്യാപികമാരുടെ നിലവിളി; പെട്ടെന്ന് ഒരാളുടെ വരവിൽ രക്ഷ; ഒഴിവായത് വൻ ദുരന്തം
റിയാദ്: സൗദി അറേബ്യയിലെ വടക്കൻ മേഖലയിലുള്ള അൽ ജൗഫിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചു. ആളിപ്പടരുന്ന തീയും പുകയും വകവെക്കാതെ ബസിനുള്ളിൽ കുടുങ്ങിയ ആറ് അധ്യാപികമാരെയും അബ്ദുൽ സലാം അൽ ഷറാറി എന്ന യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
ബസിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അബ്ദുൽ സലാം തന്റെ വാഹനം നിർത്തി ഓടിയെത്തുകയായിരുന്നു. പുക നിറഞ്ഞ ബസിനുള്ളിൽ വാതിലുകൾ തുറക്കാൻ കഴിയാതെ അധ്യാപികമാർ പരിഭ്രാന്തരായി നിലവിളിക്കുകയായിരുന്നു. സമയം ഒട്ടും കളയാതെ ബസിന്റെ ജനാലകൾ തകർത്ത് അബ്ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും പുറത്തെത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസ് പൂർണ്ണമായും അഗ്നിക്കിരയായി.
രക്ഷാപ്രവർത്തനത്തിനിടെ അബ്ദുൽ സലാമിന്റെ കൈകാലുകൾക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ സലാമിന്റെ ധീരതയെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചു. ‘ധീരതയുടെ പര്യായം’ എന്നാണ് ഭരണാധികാരികളും പൊതുജനങ്ങളും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.