'അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ': ന്യൂ ഇയര്‍ റെസലൂഷന്‍ ചോദിച്ച ഹരിനാരായണനെ അമ്പരപ്പിച്ച് അമ്മയുടെ മാസ് മറുപടി; 'ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ': ഗാനരചയിതാവിന്റെ ഹൃദ്യമായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗാനരചയിതാവിന്റെ ഹൃദ്യമായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Update: 2025-12-31 12:03 GMT

തിരുവനന്തപുരം: പ്രമുഖ ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ അമ്മയെക്കുറിച്ചെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. അമ്മയുടെ രസകരമായ പുതുവര്‍ഷ പ്രതിജ്ഞകളെക്കുറിച്ചാണ് ഹരിനാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദമാക്കുന്നത്. പുതുവര്‍ഷ ആശംസകളും അദ്ദേഹം കുറിപ്പിനൊപ്പം നേര്‍ന്നിട്ടുണ്ട്.

അമ്മയോട് വെറുതെ പുതുവര്‍ഷ പ്രതിജ്ഞയെക്കുറിച്ച് ചോദിച്ചതില്‍ നിന്നാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. 'അമ്മക്ക് വല്ല ന്യൂ ഇയര്‍ റസലൂഷനും ണ്ടോ?' എന്ന് ഹരിനാരായണന്‍ ചോദിച്ചപ്പോള്‍, 'ഈ റസലൂഷന്‍ ന്ന് വെച്ചാ ന്താ ?' എന്നായിരുന്നു അമ്മയുടെ മറുചോദ്യം. തുടര്‍ന്ന് സഹോദരി ഇതിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍, തനിക്ക് എന്നും പുതുവര്‍ഷമാണെന്നും എല്ലാ ദിവസവും രാവിലെ ദോശ വേണോ ഇഡ്ഡലി വേണോ, ഉപ്പേരിക്ക് കായ വേണോ കൂര്‍ക്ക വേണോ എന്നൊക്കെയുള്ള പ്രതിജ്ഞകളാണ് എടുക്കുന്നതെന്നുമായിരുന്നു അമ്മയുടെ ചിരിപ്പിക്കുന്ന പ്രതികരണം.

ഇതിനിടയില്‍, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു പ്രതിജ്ഞയെക്കുറിച്ചും അമ്മ പരാമര്‍ശിച്ചു: 'നിന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത്. അതെന്തായാലും നടക്കാന്‍ പോണില്ല.' ഈ മറുപടി കേട്ട് താന്‍ ഒരു നിമിഷം പകച്ചുപോയെന്നും, മനസ്സില്‍ 'വേണ്ടായിരുന്നു പുല്ല്' എന്ന് പറഞ്ഞുവെന്നും ഹരിനാരായണന്‍ കുറിപ്പില്‍ രസകരമായി വിവരിക്കുന്നു. 'ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹരിനാരായണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മയോട് വെറുതെ ചോദിച്ചതാ

'അമ്മക്ക് വല്ല ന്യൂ ഇയര്‍ റസലൂഷനും ണ്ടോ? '

പയറ് നനുക്കനെ അരിയുന്നതിനിടയില്‍ അമ്മ തലയുയര്‍ത്തി

' ഈ റസലൂഷന്‍ ന്ന് വെച്ചാന്താ ?'

അതൊക്ക്യാ പുത്യേ രീതി. ന്യൂ ഇയര്‍ ആയിട്ട് നമ്മള് ഓരോ തീരുമാനം എടുക്കാ - പെങ്ങള്‍ വിശദ്ദീകരിച്ചു

' അങ്ങനെ നോക്ക്യാ എല്ലാ ദിവസോം രാവിലെ ഓരോ റസലൂഷന്‍ ണ്ട് . ഇന്ന് ദോശ വേണോ ഇഡ്‌ളി വേണോ , ഉപ്പേരിക്ക് കായ വേണോ , കൂര്‍ക്ക വേണോ ന്ന്ള്ള റസലൂഷന്‍ . അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ '

ചെറിയ രീതിയില്‍ പ്ലിങ്ങോസ്‌കി ആയി നിക്കുമ്പോ , അമ്മ വീണ്ടാമതും

' പിന്നൊരു റസലൂഷന്‍ ണ്ടാര്‍ന്നു കൊറെ കൊല്ലം. ഇപ്പൊ നടപടി ആവില്ലാന്ന് വച്ച് ഞാനദ് നിര്‍ത്തി '

-ന്താ ?

'നെന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത് . അതെന്തായാലും നടക്കാന്‍ പോണില്ല '

വേണ്ടായിരുന്നു പുല്ല് എന്ന് മനസ്സില്‍ പറയുമ്പോള്‍ അമ്മ ബീജിയെമ്മിട്ട് അടുക്കളയിലേക്ക് നടന്നു.

ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ

അപ്പോ ഹാപ്പി ന്യൂ ഇയര്‍


Full View

മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് ബി.കെ. ഹരിനാരായണന്‍. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'തുടരും' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.


Tags:    

Similar News