'ഹൃദയം നുറുങ്ങുന്ന ബ്രേക്കപ്പിന്റെ വേദനയിലും വാക്കുകളില്‍ കിനിയുന്ന ആര്‍ദ്രത; കുറ്റപ്പെടുത്തുന്നില്ല; വാതിലുകള്‍ ഒന്നും കൊട്ടിയടക്കുന്നില്ല; ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്തു കാണാം എന്നുപറയുന്നു; എന്തൊരു കരുതലാണ് ഈ മന്‍ഷന്! വെള്ളാപ്പള്ളിയെ ട്രോളി ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം തുടക്കത്തിലെ പാളിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു ഐക്യനീക്കത്തില്‍ നിന്നുമുള്ള പിന്മാറ്റത്തിന്റെ വാര്‍ത്തയും പ്രചരിച്ചത്. ഐക്യനീക്കം പൊളിഞ്ഞത് സംവരണ വിഷയത്തിലെന്നാണ് പുറത്തുവന്ന സൂചന. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ ഗുണം എസ്എന്‍ഡിപിക്ക് ആയിരിക്കുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ആകെയുള്ള 28 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തുവെന്നാണ് സൂചന.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കരുതിയത് വെള്ളാപ്പള്ളി നടേശന്‍ രൂക്ഷ വിമര്‍ശനവുമായെത്തുമെന്നാണ്. എന്നാല്‍ പതിവിന് വിപരീതമായി ഒരു വരികൊണ്ടോ വാക്കുകൊണ്ടോ പോലും സുകുമാരന്‍ നായരെ വെള്ളാപ്പള്ളി തള്ളിപ്പറയാത്തതെ അനുനയ നീക്കത്തോടെയായിരുന്നു പ്രതികരണം.
സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനാണെന്നും ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. നായരും ഈഴവരും സഹോദരന്‍മാരാണെന്നും ഐക്യത്തില്‍ നിന്ന് പിന്നോട്ടു പോയതിന്റെ പേരില്‍ നായര്‍ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സുകുമാരന്‍ നായര്‍ കാണിച്ച വിശാലമനസ്‌കതയ്ക്ക് നന്ദി പറയുന്നുവെന്നും വെള്ളപ്പള്ളി പ്രതികരിച്ചു. ഇതിന് പിന്നാലെ രസകരമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍.
വെള്ളാപ്പള്ളി ഒരു മാതൃകയാണെന്നും, സുകുമാരന് നായരുമായി ഹൃദയം നുറുങ്ങുന്ന ഒരു ബ്രേക്കപ്പിന്റെ അറ്റത്തു നില്‍ക്കുമ്പോഴും വാക്കുകളില്‍ കിനിയുന്ന ആര്‍ദ്രത കണ്ട് പഠിക്കേണ്ടതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ ഒന്നാവാനുള്ളവരാണ് എന്നുള്ള പ്രതീക്ഷ മാത്രം പങ്കുവെച്ച്, വളരെ കരുതലോടെയാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നമ്മള്‍ നേരിട്ടും അല്ലാതെയും ഒരുപാട് ബ്രേക്കപ്പുകളിലൂടെ കടന്നുപോയവരായിരിക്കും. അടുത്തുനിന്നും അകലെനിന്നും ഒരുപാട് ബ്രേക്കപ്പുകള്‍ കണ്ടവരും കാണേണ്ടിവന്നവരും ആയിരിക്കും. ഒരുകാലത്തു എങ്ങനെ നടന്ന മനുഷ്യരാണെന്നു അത്ഭുതം തോന്നുന്ന വിധത്തിലായിരിക്കും അവര്‍ ശത്രുക്കളായി മാറുക. എല്ലായിടത്തും നിന്നും ബ്ലോക്ക് ചെയ്യുക, ഒരുമിച്ചുള്ള എല്ലാ ഗ്രൂപ്പുകളില്‍ നിന്നും എക്‌സിറ്റ് ആവുക, അതുവരെ തന്ന എല്ലാ സഹായങ്ങളും സൗമനസ്യങ്ങളും തിരിച്ചേല്‍പ്പിക്കുക, ഇനി ഒരിക്കലും കണ്ടുമുട്ടാനും കേട്ടുമുട്ടാനും ഇടയാവരുത് എന്നുകരുതി അകലങ്ങളിലേക്ക് ഇറങ്ങിപ്പോവുക. മറ്റുള്ളവരോട് നല്ലതുപോയിട്ട് അങ്ങനെ ഒരാളെ അറിയാമെന്ന ഭാവം പോലും മുറിച്ചുമാറ്റി അപരിചിതരായി അടക്കിപ്പിടിച്ച അറപ്പിന്റെയും വെറുപ്പിന്റെയും കലവറയായി കാലക്ഷേപം കഴിക്കുക.
അവിടെയാണ് വെള്ളാപ്പള്ളി ഒരു മാതൃകയാവുന്നത്.
ഹൃദയം നുറുങ്ങുന്ന ഒരു ബ്രേക്കപ്പിന്റെ അറ്റത്തു നില്‍ക്കുമ്പോഴും പിണങ്ങി സകലതും മുറിച്ചുമാറ്റി ഓര്‍ക്കാപ്പുറത്ത് ഇറങ്ങിപ്പോയ ഒരാളെ കുറിച്ചു സംസാരിക്കുമ്പോഴും വാക്കുകളില്‍ കിനിയുന്ന ആര്‍ദ്രത. അഭിശപ്തമായ ഒരു വരികൊണ്ടോ വാക്കുകൊണ്ടോ പോലും അയാളെ തള്ളിപ്പറയുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, വാതിലുകള്‍ ഒന്നും കൊട്ടിയടക്കുന്നില്ല, ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ ഒന്നാവാനുള്ളവരാണ് എന്നുള്ള പ്രതീക്ഷ മാത്രം പങ്കുവയ്ക്കുന്നു. മാത്രമല്ല, അയാള്‍ക്ക് നിഷ്‌കളങ്കതയുടെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്തു കാണാം എന്നുപറയുന്നു. ഇതിന്റെ പേരില്‍ ആരും അദ്ദേഹത്തെ കുറ്റം പറയുകയോ തള്ളിപ്പറയുകയോ ചെയ്യരുത് എന്നഭ്യര്‍ത്ഥിക്കുന്നു.
തള്ളിപ്പറഞ്ഞവരെയും തള്ളാത്ത വെള്ളാപ്പള്ളി. വേദനിപ്പിച്ചവരെയും വേദനിപ്പിക്കാത്ത വെള്ളാപ്പള്ളി.
എന്തൊരു കരുതലാണ് ഈ മന്‍ഷന്!
