ആമസോണ്‍ വഴി പ്രണയം, വിവാഹം; ജീവിത പങ്കാളിയെ നല്‍കിയതിന് നന്ദി സൂചകമായി മെഹന്തിയില്‍ ലോഗോ ഉള്‍പ്പെടുത്തി യുവതി; 'ആമസോണിയന്‍സ് വിവാഹിതരാകുമ്പോള്‍' എന്ന കുറിപ്പോടെ വീഡിയോ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍

Update: 2026-02-16 10:22 GMT

മുംബൈ: 'ആമസോണിയന്‍സ് വിവാഹിതരാകുമ്പോള്‍' എന്ന കുറിപ്പോടെ ആമസോണ്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ഏറെ കൗതുകത്തോടെയാണ് ഉപയോക്താക്കള്‍ കണ്ടത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി അവശ്യവസ്തുക്കള്‍ വാങ്ങുന്നവര്‍ ആ വീഡിയോ കണ്ട് ആദ്യമൊന്നു ഞെട്ടി. ആമസോണ്‍ വഴി നിങ്ങള്‍ക്കൊരു ജീവിത പങ്കാളിയെ ലഭിക്കുമോ? ഈ ചോദ്യം പ്രിയാന്‍ഷി ഷ്റിമാളിനോടും രജത് വര്‍മയോടുമാണ് ചോദിക്കുന്നതെങ്കില്‍ അവര്‍ പറയും ഉറപ്പായും ലഭിക്കുമെന്ന്. കാരണം അവര്‍ പരസ്പരം കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹിതരായതും ആമസോണിലൂടെയാണ്.

ആമസോണില്‍ ഒരുമിച്ച് ജോലിചെയ്യുകയായിരുന്നു പ്രിയാന്‍ഷി ഷ്റിമാളും രജത് വര്‍മയും. ജോലിസ്ഥലത്തു നിന്നാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ പരമ്പരാഗതമായ രീതിയില്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞ യുവതി മെഹന്തിയില്‍ ആമസോണിന്റെ ലോഗോയും ഉള്‍പ്പെടുത്തി. തനിക്ക് ജീവിത പങ്കാളിയെ നല്‍കിയ ആമസോണിന് നന്ദി സൂചകമായി ആമസോണിന്റെ ലോഗോ മെഹന്തിയായി അണിയുകയായിരുന്നു. ഈ വിഡിയോയാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്. ആമസോണ്‍ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രിയാന്‍ഷിയുടെ മെഹന്തിയുടെ വിഡിയോ പങ്കുവച്ചു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വരെ ഫോളോ ചെയ്യുന്ന അക്കൗണ്ടാണിത്.


Full View

'ആമസോണിയന്‍സ് വിവാഹിതരാകുമ്പോള്‍' എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. മെഹന്തിയില്‍ ലോഗോ ഡിസൈന്‍ ചെയ്ത ദമ്പതികളുടെ സര്‍ഗാത്മക ചിന്തയെ പ്രശംസിക്കുന്നതായിരുന്നു വിഡിയോയ്ക്കു താഴെ വന്ന കമന്റുകള്‍. വിഡിയോയുടെ കമന്റ് ബോക്‌സില്‍ വരന്‍ രജത് ഇരുവരെയും ഒരുമിപ്പിച്ചതില്‍ കമ്പനിക്കു നന്ദി പറഞ്ഞു. 'എന്റെ പ്രിയാന്‍ഷിയെ കണ്ടുമുട്ടിയ സ്ഥലമായതിനാല്‍ ആമസോണിനോട് എപ്പോഴും നന്ദിയുള്ളവനായിരിക്കും' എന്നാണ് രജത് കുറിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ വിഡിയോ പങ്കുവച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയാന്‍ഷിയും കുറിച്ചു.

Similar News