'അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലന്നേ, അതുകൊണ്ട് പറഞ്ഞുവിട്ടതാ!' അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്; സിനിമാ മേഖലയിലെ പതിവ് ന്യായീകരണങ്ങളെ ട്രോളി പോസ്റ്റ്
സിനിമാ മേഖലയിലെ പതിവ് ന്യായീകരണങ്ങളെ ട്രോളി സജിത മഠത്തില്‍
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായതിന് പിന്നാലെ, സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പതിവ് ന്യായീകരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സജിത മഠത്തില്‍ രംഗത്തെത്തി. 'ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ, പറഞ്ഞു വിട്ടു അവന്‍, അതിനാ...' തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങളെയാണ് സജിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
കാരവനുള്ളില്‍ വെച്ച് കടന്നുപിടിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം റിമാന്‍ഡ് ചെയ്തത്. അതിക്രമം ഉണ്ടായപ്പോള്‍ നടി കാരവനില്‍ നിന്ന് ഇറങ്ങിയോടുകയും സെറ്റിലുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രഞ്ജിത്തിനെതിരായ പരാതിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് പോലീസ് അറിയിച്ചു. സംവിധായകന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. കുറ്റകൃത്യം നടന്ന കാരവനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെയാണ്, ഇത്തരം വിഷയങ്ങളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ ഉയര്‍ത്തുന്ന ന്യായീകരണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. 'ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു', 'അവള്‍ ഐസിയില്‍ പരാതി കൊടുത്തില്ല!', 'ഞങ്ങള്‍ പുറത്താക്കിയല്ലോ', 'കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട', 'പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍ .. അതിനാ...' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളെ സജിത പരിഹസിച്ചു. കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തായിരിക്കുമെന്നും കൂടെ നില്‍ക്കുന്നവരെ സിനിമാ ലോകം കാണിക്കില്ലെന്നും എന്നാല്‍ 'ചേട്ടന്മാര്‍' വീണ്ടും ശക്തമായി സിനിമയെടുക്കുമെന്നും അവര്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ബോബി കുര്യനെയും ശാലിനിയെയും എസ്‌ഐടി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിത്തിനെതിരെ നടന്‍ ഗോപന്‍ മാങ്ങാട്ടും വിമര്‍ശനമുന്നയിച്ചിരുന്നു. രഞ്ജിത്ത് പ്രതിയായ കേസിന്റെ തുടര്‍നടപടികള്‍ കോടതിയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
സജിത മഠത്തിലിന്റെ പോസ്റ്റ്:
ചര്‍ച്ചയില്‍ പ്രമുഖര്‍
* ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു
* അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല!
* ഞങ്ങള്‍ പുറത്താക്കിയല്ലോ
* കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട
* പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍ .. അതിനാ...
* അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല.
* പിന്നെ...അവള്‍ക്കൊപ്പം തന്നെ
(പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്... കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല )
