'നാരങ്ങ ചൂടാക്കിയാണോ നിങ്ങള്‍ വെള്ളം ഉണ്ടാക്കുന്നത്? നാരങ്ങാവെള്ളത്തില്‍ ഗ്യാസ് നിറക്കുന്നുണ്ടോ?' നാരങ്ങാവെള്ളത്തിനും ഗ്യാസ് ക്രൈസിസ് ചാര്‍ജ് ചുമത്തി; ബെംഗളൂരുവിലെ കഫേ ബില്ല് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

Update: 2026-03-16 11:55 GMT

ബെംഗളൂരു: രാജ്യത്ത് പാചകവാതക (എല്‍.പി.ജി) ക്ഷാമം ഹോട്ടല്‍ മേഖലകളിലടക്കം കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്നതിനിടെ ബെംഗളൂരുവിലെ ഒരു കഫേ ഉപഭോക്താവില്‍ നിന്ന് 'ഗ്യാസ് ക്രൈസിസ് ചാര്‍ജ്' ഈടാക്കിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ബെംഗളൂരുവിലെ 'തിയോ കഫേ' (Theo Cafe) നല്‍കിയ ബില്ലാണ് ഇപ്പോള്‍ ചര്‍ച്ചക്ക് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് ഗ്ലാസ് മിന്റ് നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണശാല അഞ്ച് ശതമാനം അധിക തുക 'ഗ്യാസ് ചാര്‍ജ്' ഇനത്തില്‍ ചുമത്തിയത്.

ബില്ലിലെ കണക്കുകള്‍ ഇങ്ങനെ;

മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ?179 വീതം)

ഡിസ്‌കൗണ്ട് (5%): 17.90 രൂപ കുറച്ചു

നികുതികള്‍: ജി.എസ്ടി. (CGST, SGST - 2.5% വീതം) കൂട്ടിച്ചേര്‍ത്തു

ഗ്യാസ് ക്രൈസിസ് ചാര്‍ജ് (5%): 17.01 രൂപ അധികമായി ഈടാക്കി

ആകെ തുക: 374 രൂപ

നാരങ്ങാവെള്ളം ഉണ്ടാക്കാന്‍ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. 'നാരങ്ങ ചൂടാക്കിയാണോ നിങ്ങള്‍ വെള്ളം ഉണ്ടാക്കുന്നത്?' എന്നും 'നാരങ്ങാവെള്ളത്തില്‍ ഗ്യാസ് നിറക്കുന്നുണ്ടോ?' എന്നും പരിഹാസരൂപേണ ആളുകള്‍ ചോദിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി ക്ഷാമത്തിന് കാരണമായത്. ഇത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പല ഹോട്ടലുകളും മെനു പരിമിതപ്പെടുത്തുകയും ചില വിഭവങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.

കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്ക് ഗ്യാസ് വാങ്ങേണ്ടി വരുന്നത് മൂലമാണ് ഇത്തരം അധിക ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് ഹോട്ടലുടമകള്‍ വാദിക്കുന്നുണ്ടെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് ഹോട്ടല്‍ അസോസിയേഷനുകള്‍ പ്രതികരിച്ചു. ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാചകവാതകത്തിനായി വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Similar News