ഐഫോണ്‍ 16 ഉം ഗാലക്സി സെഡ് ഫോള്‍ഡ് 5 ഉം എല്ലം കുറഞ്ഞ നിരക്കില്‍ കിട്ടുമെന്ന ഓഫറുകള്‍ പ്രവഹിക്കുന്നു; മൊബൈല്‍ ഫോണ്‍ പ്രേമികളെ കുഴിയില്‍ ചാടിക്കാനുള്ള തട്ടിപ്പുകാരുടെ നീക്കം തിരിച്ചറിയാന്‍ ടിപ്പുമായി ഒ2 വിന്റെ മുന്നറിയിപ്പ്
ബ്രിട്ടനിലെ ഏറ്റവും വലിയ ഫോണ്‍ നെറ്റ്വര്‍ക്ക് ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കളെ ഉന്നം വച്ചുകൊണ്ടുള്ള തട്ടിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫോണ്‍ നെറ്റ്വര്‍ക്ക് ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കളെ ഉന്നം വച്ചുകൊണ്ടുള്ള തട്ടിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ പ്രേമികള്‍ ക്രിസ്ത്മസ് വിപണിയെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ ഈ മുന്നറിയിപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഉത്സവകാലത്ത് വിപണിയില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച്, ഒട്ടുമിക്ക നിര്‍മ്മതാക്കളും വര്‍ഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും പുതിയ മോഡലുകള്‍ വിപണിയിലിറക്കുക. ഇത് ഉപഭോക്താക്കള്‍ക്കും ഏറെ പ്രയോജനകരമാണ്, പുതിയ മോഡലുകളുമായി ഉത്സവമാഘോഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഈ മാസമാണ് ഐഫോണ്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 പുറത്തിറക്കിയത്.അതിലെ എ ഐ ഫീച്ചറുകള്‍ സമീപ ഭാവിയില്‍ തന്നെ ലഭ്യമാക്കുകയും ചെയ്യും. അതിനു മുന്‍പായി ഇക്കഴിഞ്ഞ വേനലിലായിരുന്നു സാംസങ് അവരുടെ ഗാലക്സി സെഡ് ഫോള്‍ഡ് 6 പുറത്തിറക്കിയത്. എന്നാല്‍, ഈ ഉത്സവകാലത്ത് ചതിയില്‍ പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഒ2 തരുന്ന മുന്നറിയിപ്പ്. പുതിയവ വാങ്ങുവാനും പരീക്ഷിക്കുവാനുമുള്ള ബ്രിട്ടീഷുകാരുടെ താത്പര്യം മുതലാക്കാന്‍ തട്ടിപ്പുകാരിറങ്ങിയേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ മോഡലുകള്‍ വിപണിയില്‍ ഇറങ്ങുന്ന സമയത്താണ് സാധാരണയായി തട്ടിപ്പുകാര്‍ രംഗത്ത് ഇറങ്ങാറുള്ളത്. സത്യമെന്ന് വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തിലുള്ള ഇളവുകളായിരിക്കും ഇരകളെ ആകര്‍ഷിക്കാനായി അവര്‍ നല്‍കുക. ഇവിടെയാണ് ഉപഭോക്താക്കള്‍ ഏറെ കരുതലെടുക്കേണ്ടതെന്ന് ഒ2 വിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് അവര്‍ പറയുന്നത്. പുതിയ ഉത്പന്നങ്ങള്‍വിപണിയിലിറങ്ങുമ്പോള്‍, തട്ടിപ്പുകാര്‍ പ്രധാനമായും ഉന്നം വയ്ക്കുന്നത് നിങ്ങളുടെ വ്യക്തിഗത ഡാറ്റ, പാസ്സ്വേര്‍ഡ്, അല്ലെങ്കില്‍ പണം എന്നിവയിലൊന്നെങ്കിലും തട്ടിച്ചെടുക്കാനായിരിക്കും.
ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള മൂന്ന് സുപ്രധാന കാര്യങ്ങളുമായി എത്തുകയാണ് ഒ2 വിലെ സാങ്കേതിക വിദഗ്ധര്‍.അതില്‍ ആദ്യത്തേത്, അവിശ്വസനീയമാം വിധം വിലയില്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പ്; തന്നെയാകാനാണ് സാധ്യത എന്ന് കരുതുക എന്നാണ്. ഒരിക്കലും ഒ2 വോ അതുപോലുള്ള മറ്റ് ഫോണ്‍ സര്‍വ്വീസ് ദായകരോ നിങ്ങളോട് ബാങ്ക് വിശദാംശങ്ങളോ പാസ്സ്വേര്‍ഡോ ഫോണ്‍ വഴിയോ ടെക്സ്റ്റ് സന്ദേശമായിട്ടോ ആവശ്യപ്പെടുകയില്ല എന്ന് അവര്‍ പറയുന്നു. ഈ വിവരങ്ങള്‍, സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്കുള്ള അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളെ റീഡയറക്ട് ചെയ്യുവാന്‍ ഏതെങ്കിലും ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ തീര്‍ച്ചയായും സംശയിക്കണം എന്നും അവര്‍ പറയുന്നു.
ഉത്സവകാലത്ത് സാധാരണ നടക്കുന്ന തട്ടിപ്പില്‍ തട്ടിപ്പുകാര്‍ 30 ശതമാനമോ 40 ശതമാനമോ ഒക്കെ കിഴിവുകള്‍ വാഗ്ധാനം ചെയ്യും. ചിലപ്പോള്‍ ഒരു പുതിയ ഫോണോ, ടാബ്ലെറ്റോ ഒക്കെ സൗജന്യമായി വാഗ്ദാനം നല്‍കുകയും ചെയ്യും. ഇത് വിശ്വസിച്ച് നിങ്ങളുടെ വിവരങ്ങള്‍ കൈമാറിയാല്‍, തട്ടിപ്പുകാര്‍, നിങ്ങളുടെ പേരില്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ എടുക്കും. അതിന്റെ ബില്‍ എടുക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരാവുകയും ചെയ്യും. അതുകൊണ്ടു തന്നെ, നിങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ കൂടി ചോദിച്ചാല്‍ ഉടന്‍ സംഭാഷണം അവസാനിപ്പിച്ച് നിങ്ങളുടെ സേവന ദാതാവുമായി നേരിട്ട് ബന്ധപ്പെടുക.
റ്റെക്സ്റ്റ് സന്ദേശമായി വരുന്ന ഓഫറുകളുടെ കൂടെയുള്ള ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. മറ്റൊരു തട്ടിപ്പ്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നിങ്ങളുടെ വീട്ടിലേക്ക് കൊറിയര്‍ വഴിയോ തപാല്‍ വഴിയോ ഫോണ്‍ അയയ്ക്കുക എന്നതാണ്. പിന്നീട് ഫോണ്‍ വിളിച്ച് മേല്‍വിലാസം തെറ്റി അയച്ചതാണെന്നും മറ്റൊരു അഡ്രസ്സിലേക്ക് തിരികെ അയയ്ക്കണമെന്നും പറഞ്ഞ് മറ്റൊരു വിലാസം നല്‍കും. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ഫോണ്‍ നഷ്ടപ്പെടും എന്ന് മാത്രമല്ല, പുതിയ ഫോണിന്റെ ബില്‍ അടയ്ക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനാവുകയും ചെയ്യും.