ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പുതിയ വഴികള്‍ തുറന്ന് നൈസാര്‍ കുതിച്ചുപൊങ്ങി; ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭം വിജയകരം; ഇന്ത്യയുടെ ചെലവേറിയ ദൗത്യം കാലാവസ്ഥ നിരീക്ഷണത്തിലും പ്രകൃതി ദുരന്തങ്ങളുടെ പ്രവചനത്തിലും നിര്‍ണായക പങ്ക് വഹിക്കും
നൈസാര്‍ കുതിച്ചുപൊങ്ങി;
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ-നാസ സംയുക്ത ദൗത്യമായ നൈസാറിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു വൈകിട്ട് 5.40നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വിഎഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നത്.ഇന്ത്യയുടെ ചെലവേറിയ ബഹിരാകാശ ദൗത്യമാണിത്. 12500 കോടിയാണ് ചെലവ്.
നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍ സാറ്റ്ലൈറ്റ് എന്നാണ് എന്‍ ഐ സാര്‍, നൈസാര്‍ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ പൂര്‍ണരൂപം. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹമാണ് നൈസാര്‍. 2,400 കിലോഗ്രാമാണ് നൈസാര്‍ ഉപഗ്രഹത്തിന്റെ ഭാരം. 747 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍ സിണ്‍ക്രണൈസ്ഡ് ഭ്രമണപഥത്തിലൂടെയാവും നൈസാര്‍ ഭൂമിയെ ചുറ്റുക. അഞ്ച് വര്‍ഷമാണ് എന്‍ ആ സാര്‍ ദൗത്യത്തിന്റെ കാലാവധി. നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച ഓരോ റഡാറുകളാണ് ഈ ഇരട്ട റഡാര്‍ ഉപഗ്രഹത്തിലുള്ളത്.
12 വര്‍ഷത്തോളം നീണ്ട തയാറെടുപ്പിലാണ് ഉപഗ്രഹം വികസിപ്പിച്ചത്. കാലാവസ്ഥ നിരീക്ഷണത്തിനൊപ്പം പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ ഭൂമിയുടെ ഉപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് മാറ്റങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനദൗത്യം. എല്‍ ബാന്‍ഡ് റഡാറുകള്‍ക്ക് ഭൂമിയിലുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും എളുപ്പം തിരിച്ചറിയാന്‍ കഴിയും. ഇത് ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. കടലിനടിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത് സുനാമി പ്രവചനത്തിന് സഹായിക്കും.
വേനല്‍കാലത്ത് ഹിമാനികള്‍ ഉരുകുന്നതിന്റെ തോത് കണക്കാക്കാന്‍ കഴിയും. മണ്ണിലെ ഈര്‍പ്പം, തരിശ് ഭൂമി, ജലലഭ്യത, ജൈവവൈവിധ്യം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ കാര്‍ഷിക രംഗത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയും. വനനശീകരണം തടയുന്നതിന് വിവരങ്ങള്‍ ശേഖരിക്കാനും പരിസ്ഥിതി സംരക്ഷണത്തിലും നൈസാറിന് വലിയ പങ്കുവഹിക്കാന്‍ കഴിയും. തീരദേശ സംരക്ഷണവും ഉപഗ്രഹത്തിന്റെ ജോലിയാണ്.