കോടാനുകോടി വര്‍ഷങ്ങളെടുത്ത് കംപ്യൂട്ടര്‍ ചെയ്യുന്ന പണി ഇനി ഞൊടിയിടയില്‍; അതിസങ്കീര്‍ണ ഗണിതപ്രശ്‌നങ്ങളും അഞ്ച് മിനിറ്റില്‍; പുതിയ ക്വാണ്ടം ചിപ്പുമായി ഗൂഗിള്‍; വില്ലോ ചിപ്പ് ടെക് രംഗത്ത് പുതുവിപ്ലവം തീര്‍ക്കുമ്പോള്‍
കോടാനുകോടി വര്‍ഷങ്ങളെടുത്ത് കംപ്യൂട്ടര്‍ ചെയ്യുന്ന പണി ഇനി ഞൊടിയിടയില്‍
ലോസ് ഏഞ്ചല്‍സ്: വലുപ്പം നാലുചതുരശ്രസെന്റീമീറ്ററേയുള്ളൂ. പക്ഷേ, പ്രപഞ്ചത്തിന്റെ പ്രായത്തെക്കാളധികം വര്‍ഷംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കും. ഇത്തരത്തിലുള്ള ഒരു അതിവേഗ ക്വാണ്ടം കമ്പ്യൂട്ടര്‍ ചിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആഗോള ഭീമനായ ഗൂഗിള്‍. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ 10 സെപ്റ്റിലിയന്‍ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലികള്‍ അഞ്ച് മിനിറ്റുകൊണ്ട് തീര്‍ക്കാന്‍ ഇതിന് കഴിയും. വില്ലോ' എന്നു പേരിട്ടിരിക്കുന്ന ചിപ്പ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനാണ് ഇത് സാധ്യമാകുന്നത്.
ഒന്നിനു ശേഷം 24 പൂജ്യങ്ങള്‍, അഥവാ 1,000,000,000,000,000,000,000,000 ആണ് ഒരു സെപ്റ്റിലിയന്‍. നമ്മുടെ പ്രപഞ്ചത്തിന് 1370 കോടി വര്‍ഷങ്ങള്‍ മാത്രമാണ് പഴക്കമുള്ളത് എന്നത് ഓര്‍ക്കണം. നാലു സെന്റീമീറ്ററാണു പുതിയ ചിപ്പിന്റെ വലിപ്പം. 30 വര്‍ഷത്തോളം നീണ്ടു നിന്ന ഗവേഷണത്തിനൊടുവിലാണു ഇത് കണ്ടെത്തിയതെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. വാണിജ്യ ക്വാണ്ടം കമ്പ്യൂട്ടര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തതായി ഗൂഗിള്‍ വ്യക്തമാക്കി.
എന്നാല്‍ ആ ലക്ഷ്യം ഇപ്പോഴും 10 മുതല്‍ 20 വര്‍ഷം അകലെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗൂഗിളിന്റെ തന്നെ സിക്കമോര്‍ പ്രോസസറിന്റെ പിന്‍ഗാമിയാണു വില്ലോ. കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ ലാബിലാണു വില്ലോ വികസിപ്പിച്ചെടുത്തത്. 2019 ല്‍ പുറത്തിറങ്ങിയ സിക്കമോര്‍ ചിപ്പിന്റെ പ്രോസസിങ് വേഗം 53 ക്യുബിറ്റായിരുന്നു. പിന്നീട് 70 ക്യുബിറ്റിലെത്തി. വില്ലോയ്ക്ക് ഒരേ സമയം 105 ക്യുബിറ്റ് പ്രോസസ് ചെയ്യാന്‍ കഴിയും.
ഡിജിറ്റല്‍ കമ്പ്യൂട്ടറുകള്‍ ഓണ്‍-ഒന്ന്, ഓഫ്- പൂജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. അവയെ ബിറ്റുകള്‍ എന്നാണു വിളിക്കുന്നത്. എന്നാല്‍ ക്യുബിറ്റുകളില്‍ പൂജ്യത്തിനും ഒന്നിനും ഇടയിലുള്ള ഫലങ്ങളും അനുവദിക്കും. അതാണ് ഇവയുടെ വേഗതക്ക് പിന്നിലുള്ള രഹസ്യം. പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഔഷധ ഗവേഷണം, ഫ്യൂഷന്‍ എനര്‍ജി, ബാറ്ററി ഡിസൈന്‍ തുടങ്ങി നിരവധി മേഖലകളില്‍ നവീകരണത്തിന് ശക്തി പകരാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് കഴിയുമെന്നു ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
ക്വാണ്ടം കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് എന്നാണ് വിദഗ്ധര്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായമാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ നിര്‍ണായക കണ്ടെത്തല്‍കൂടിയാണിത്. നിലവില്‍ ഇതിന് വാണിജ്യപരമായ പ്രയോജനമൊന്നുമില്ലെങ്കിലും വരും കാലങ്ങളില്‍ വേഗതയിലൂടെ കമ്പ്യൂട്ടിങ്ങില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.
105 ക്യുബിറ്റുകള്‍ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകള്‍ ബിറ്റ് അടിസ്ഥാനമാക്കിയുള്ളവയാണ്. അതുകൊണ്ട് തന്നെ ക്വാണ്ടം കംപ്യൂട്ടറുകളുടെ വേഗതയും കൂടുതലായിരിക്കും. എന്നാല്‍ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ക്യുബിറ്റുകളെ വളരെ വേഗം സ്വാധീനിക്കും. താപവ്യതിയാനം, സബ് അറ്റോമിക് കണങ്ങളുടെ സ്വാധീനം എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും. അതിനാല്‍ പിഴവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
എന്നാല്‍ വില്ലോ ചിപ്പില്‍ ക്യൂബിറ്റുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഫലപ്രദമായി സംവിധാനം കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതിലൂടെ വേഗമേറിയ ക്വാണ്ടം കംപ്യൂട്ടിംഗ് സാധ്യമാക്കാനും സാധിക്കും. അതുവഴി പ്രശ്നങ്ങളും പിഴവുകളുമുണ്ടാകുമ്പോള്‍ അവ അപ്പോള്‍ തന്നെ കണ്ടെത്തി പരിഹരിക്കാനും ഈ സംവിധാനത്തിന് സാധിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.