നിര്‍മിത ബുദ്ധിയുടെ കാലത്ത് പണി തെറിക്കുന്നവരുടെ ലിസ്റ്റില്‍ അധ്യാപകരും; ചാറ്റ് ബോട്ടിന് ടീച്ചര്‍മാരെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍: ഇനി അധ്യാപകര്‍ക്കും വീട്ടിലിരിക്കാം

Update: 2025-05-23 07:04 GMT

നിര്‍മ്മിതബുദ്ധിയുടെ കാലത്ത് എല്ലാ മേഖലകളിലും ചാറ്റ്ബോട്ടുകള്‍ പിടിമുറുക്കുമ്പോള്‍ പണി തെറിക്കുന്നത് ആര്‍ക്കൊക്കെയാണ് എന്നാണ് ഇപ്പോള്‍ പലരും കണക്കുകൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്ത ജോലി നഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ അധ്യാപകരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ചാറ്റ്ബോട്ടിന് ടീച്ചര്‍മാരെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍ ഇനി അധ്യാപകര്‍ക്കും ഇങ്ങനെ പോയാല്‍ വീട്ടിലിരിക്കേണ്ടി വരും. നിര്‍മ്മിതബുദ്ധിയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. സാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള പഠനങ്ങളില്‍ മികവ് തെളിയിച്ച നോബല്‍ സമ്മാന ജേതാവായ ജെഫ്രി ഹിന്റനാണ് നിര്‍മ്മിത ബുദ്ധിയിലെ അധ്യാപകര്‍ കൂടുതല്‍ കാര്യക്ഷമത ഉള്ളവരായിരിക്കും എന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇനിയും ചാറ്റ് ബോട്ട് ടീച്ചര്‍മാര്‍ രംഗത്ത് എത്തിയിട്ടില്ല എന്നാണ് ആശ്വാസകരമായ കാര്യം. പക്ഷെ ഉടന്‍ തന്നെ ഇക്കാര്യം യാഥാര്‍ത്ഥ്യമാകും എന്നാണ് ഗവേഷകര്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്. എല്ലാ തലങ്ങളിലും മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ ചാറ്റ്ബോട്ട് ടീച്ചര്‍മാര്‍ക്ക് കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്. യുകെയിലെ സ്‌കൂളുകളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള പേഴ്‌സണല്‍ ട്യൂട്ടര്‍മാരെ ഇതിനകം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംസാരിക്കാനും അവരുടെ അറിവിന്റെ നിലവാരത്തിനനുസരിച്ച് പാഠ്യപദ്ധതികള്‍ ക്രമീകരിക്കാനും നിര്‍മ്മിത ബുദ്ധിക്ക്് കഴിഞ്ഞിട്ടുണ്ട്. എ.ഐ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കായി സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് പൗണ്ടാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് നിലവില്‍ വരുന്നതോടെ അധ്യാപകരെ പിരിച്ചുവിടില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. കടുത്ത ജോലിഭാരവും വര്‍ദ്ധിച്ചു വരുന്ന വിദ്യാര്‍്ത്ഥികളുടെ എണ്ണവും കൊണ്ട് നട്ടം തിരിയുന്ന പല അധ്യാപകരും പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനും ഗൃഹപാഠം ചെയ്യിപ്പിക്കാനും കുട്ടികളില്‍ നിന്ന് പഠനത്തിന്റെ ഫീഡ്ബാക്ക് ലഭിക്കാനും നിര്‍മ്മിത ബുദ്ധിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

ചാറ്റ്ബോട്ടുകള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ ഗവേഷണത്തിനായി മാറ്റിവെച്ച ഡോ.ഹിന്റന്‍ ഇപ്പോള്‍ ഈ മേഖല മനുഷ്യരാശിക്ക് ഇത് ഏതൊക്കെ മേഖലകളില്‍ ഭീഷണിയാകും എന്ന കാര്യവും വെളിപ്പെടുത്തുകയാണ്. കഴ്ിഞ്ഞ ദിവസം ബര്‍ലിനില്‍ നടന്ന ഒരു പരിപാടിയില്‍ നിര്‍മ്മിത ബുദ്ധി മനുഷ്യരേക്കാള്‍ ബുദ്ധിമാന്‍മാരാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തില്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സ നിശ്ചയിക്കുന്നതിലും വിദ്യാഭ്യാസ രംഗത്തും നിര്‍മ്മിത ബുദ്ധിക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തന്നെയാണ് ഡോ.ഹിന്റന്‍ വിശ്വസിക്കുന്നത്.

ഫേസ്ബുക്കിന്റെ ഉപജ്ഞാതാക്കളായ മെറ്റ നിര്‍മ്മിച്ച ഒരു എ.ഐ പേഴ്സണല്‍ ട്യൂട്ടര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ യു.കെയിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗണിതവും ഇംഗ്ലീഷും പഠിപ്പിക്കുന്നതിനായി പരീക്ഷിച്ചുവരികയാണ്.

Similar News