ദേശീയപാതാ വികസന ഉദ്ഘാടനത്തിലെ അവഗണന: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് സര്‍ക്കാര്‍; സമാന്തര ഉദ്ഘാടനം നടത്തി പ്രതിഷേധം; വെങ്ങളത്ത് റോഡ്‌ഷോയുമായി മന്ത്രി മുഹമ്മദ് റിയാസ്; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കാനെന്ന് മന്ത്രി
ദേശീയപാതാ വികസന ഉദ്ഘാടനത്തിലെ അവഗണന: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് സര്‍ക്കാര്‍; സമാന്തര ഉദ്ഘാടനം നടത്തി പ്രതിഷേധം
കൊച്ചി: ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം നടത്തി സിപിഎം. കാസര്‍കോട്ട് ദേശീയപാത സി.എച്ച്. കുഞ്ഞമ്പു എം. എല്‍.എ ഉദ്ഘാടനം ചെയ്തു. വെങ്ങളത്ത് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ റോഡ് ഷോയും നടത്തി.
കേന്ദ്രത്തിന് രാഷ്ട്രീയമായ അന്ധത ബാധിച്ചതിന്റെ തെളിവാണ് ഈ നടപടിയെന്ന് ഉദ്ഘാടനവേളയില്‍ കുഞ്ഞമ്പു എം. എല്‍.എ പറഞ്ഞു. യു.ഡി.എഫ് കാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ ഉപേക്ഷിച്ചുപോയ പദ്ധതിയാണിതെന്നും അന്ന് ദേശീയപാതാ അതോറിറ്റി കേരളത്തില്‍ ഈ പദ്ധതി വേണ്ടെന്ന് പറഞ്ഞ് മടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് പദ്ധതിക്ക് പുനര്‍ജീവന്‍ ലഭിച്ചതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഒരിടത്തും നല്‍കാത്ത വിധം, ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്നും ഇതിനായി കിഫ്ബിയില്‍നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. എംഎല്‍എമാരെയും സംസ്ഥാന മന്ത്രിമാരെയും അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞമ്പു എം. എല്‍.എ പറഞ്ഞു.
ഇതിന് പിന്നാലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി. വെങ്ങളം - രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയുള്ള പ്രതിഷേധം. ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് റോഡ് ഷോ സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം
മന്ത്രി മുഹമ്മദ് റിയാസ് തന്നെ പലതവണ നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ കോഴിക്കോട് ബൈപ്പാസ് (വെങ്ങളം-രാമനാട്ടുകര റീച്ച്) ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
ഏകദേശം 4,790 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ഇതില്‍ 2,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപ ചെലവില്‍ നവീകരിച്ച വെങ്ങളം-രാമനാട്ടുകര റീച്ചും ഉള്‍പ്പെടുന്നു. കൂടാതെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. പദ്ധതികളുടെ ക്രെഡിറ്റ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി കഠിനമായ ഇടപെടലുകളുടെ ഫലമായാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയായതെന്ന അവകാശവാദം നിലനില്‍ക്കെ, മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.
ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
