അവസാന നിമിഷം സാങ്കേതിക തകരാര്‍; പ്രോബ-3 വിക്ഷേപണം ഐ.എസ്.ആര്‍.ഒ. മാറ്റിവെച്ചു; കൗണ്ട്ഡൗണ്‍ നിര്‍ത്തിയത് 43 മിനിട്ട് 50 സെക്കന്‍ഡ് മാത്രം ശേഷിക്കെ; മാറ്റിവച്ചത്, രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യം

പ്രോബ-3 വിക്ഷേപണം ഐ.എസ്.ആര്‍.ഒ. മാറ്റിവെച്ചു

Update: 2024-12-04 11:26 GMT

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 പേടകത്തിന്റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചു. ഉപഗ്രഹത്തില്‍ സാങ്കേതികപ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ കൌണ്ട്‌ഡൌണ്‍ നിര്‍ത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.16-ലേക്ക് വിക്ഷേപണം മാറ്റിവെച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങള്‍ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകള്‍ പ്രോബ-3 ദൗത്യത്തിനുണ്ട്.

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി.)സി59 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക. യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ.എസ്.എ.) നടത്തുന്ന ഇന്‍ ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷന്‍ (ഐ.ഒ.ഡി.) ദൗത്യമാണിത്. 2001-ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.

സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ലോകത്തിലെ ആദ്യത്തെ പ്രിസിഷന്‍ ഫോര്‍മേഷന്‍ ഫ്‌ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ടുവര്‍ഷമാണ് കാലാവധി. ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക. ഐ.എസ്.ആര്‍.ഒ. 2001-ല്‍ വിക്ഷേപിച്ച പ്രോബ-1, 2009-ല്‍ വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടര്‍ദൗത്യമാണ് പ്രോബ-3.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. 550 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക. 1680 കോടി രൂപയാണ് ചെലവ്.

Tags:    

Similar News