ടിക്കി- ടാക്ക എന്ന വിഖ്യാത പാസ്സിങ്ങിന്റെ പിതാവ്; മിഡ്ഫീള്‍ഡ് മാന്ത്രികന്‍ ഇനിയേസ്റ്റ ഫുട്‌ബോളിനോട് വിട പറഞ്ഞു: വൈകാരികമായി പ്രതികരിച്ച് മെസി

Update: 2024-10-08 12:09 GMT

ബാഴ്‌സലോണയുടെ ഇതിഹാസ മിഡ്ഫീള്‍ഡര്‍ആന്ദ്രെ ഇനിയേസ്റ്റ ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞു. 24 വര്‍ഷത്തെ കരിയറിനാണ് താരം ഫുള്‍ സ്റ്റോപ്പിട്ടത്. ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്‌സില്‍ പങ്കുവച്ച വീഡിയോയിലാണ് ലോകത്തിലെ ഏറ്റവും മികച്ച മിഡഫീള്‍ഡര്‍മാരില്‍ ഒരാള്‍ ബൂട്ടഴിക്കുന്നത്. സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തിനും ബാഴ്സലോണയുടെ നിരവധി നേട്ടങ്ങള്‍ക്കും വിത്തു പാകിയ നിര്‍ണായക താരമാണ് കളമൊഴിയുന്നത്. മധ്യനിരയുടെ ബുദ്ധി കേന്ദ്രമായി ഒരു കാലത്ത് ഫുട്ബോള്‍ മൈതാനത്തു നിറഞ്ഞു നിന്ന താരമാണ് ഇനിയെസ്റ്റ. സ്പെയിന്‍, ബാഴ്സ ടീമുകളില്‍ ഇനിയെസ്റ്റ- ഷാവി- ബുസ്‌കറ്റ്സ് സഖ്യമായിരുന്നു. ടിക്കി- ടാക്ക എന്ന വിഖ്യാത പാസിങ് ഗെയിം ആവിഷ്‌കരിച്ചത്.



രണ്ട് പതിറ്റാണ്ടു നീണ്ട കരിയറാണ് ഇനിയെസ്റ്റയ്ക്ക്. അന്താരാഷ്ട്ര കരിയറില്‍ നിന്നു 2018ല്‍ വിരമിച്ച താരം പിന്നീട് ക്ലബ് ഫുട്ബോളില്‍ കളി തുടരുകയായിരുന്നു. 2002 മുതല്‍ 2018 വരെ നീണ്ട കരിയറാണ് ബാഴ്സയില്‍ ഇനിയേസ്റ്റയ്ക്കുള്ളത്. 674 മത്സരങ്ങള്‍. 57 ഗോളുകള്‍. 135 അസിസ്റ്റുകള്‍. ക്ലബ് കരിയറില്‍ ബാഴ്സയ്ക്കൊപ്പം അവിസ്മരണീയ നേട്ടങ്ങള്‍. 4 ചാംപ്യന്‍സ് ലീഗ്, 3 ക്ലബ് ലോകകപ്പ്, 9 ലാലിഗ, 3 യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, 6 സ്പാനിഷ് കപ്പ്, 7 സ്പാനിഷ് സൂപ്പര്‍ കപ്പ്.

സ്പെയിനിനെ കന്നി ലോക കിരീടത്തിലേക്ക് നയിച്ച താരമെന്ന ഒരിക്കലും മായാത്ത അനുപമ നേട്ടം ഇനിയെസ്റ്റയ്ക്ക് സ്വന്തമാണ്. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ ഇനിയെസ്റ്റ നേടിയ ഗോളാണ് നെതര്‍ലന്‍ഡ്സിനെതിരെ സ്പെയിനിനു ലോക കിരീടം സമ്മാനിച്ചത്. 116ാം മിനിറ്റിലാണ് വിജയം നിര്‍ണയിച്ച ആ ചരിത്ര ഗോളിന്റെ പിറവി. 2018ല്‍ ബാഴ്സലോണയില്‍ നിന്നു പടിയിറങ്ങിയ താരം പിന്നീട് 5 വര്‍ഷം ജപ്പാനിലാണ് കളിച്ചത്. ജാപ്പനിസ് ടീം വിസല്‍ കോബ് ടീമിനായി താരം 5 സീസണുകള്‍ കളിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇ പ്രൊ ലീഗ് ടീം എമിറെറ്റിസിനായും കളിച്ചു. എമിറെറ്റ്സില്‍ നില്‍ക്കെയാണ് വിരമിക്കല്‍.

താരത്തിന് ആശംസകളുമായി അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി രംഗത്ത് എത്തി. 'എന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യന്‍. ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്. എല്ലാ ആശംസകളും'- മെസി കുറിച്ചു.

Tags:    

Similar News