അണ്ടർ 20 ലോകകപ്പിൽ വിജയകുതിപ്പ് തുടർന്ന് അർജന്റീന; മെക്സിക്കോയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; സ്പെയിനിനെ വീഴ്ത്തി കൊളംബിയയും സെമിയിൽ
സാൻ്റിയാഗോ: അണ്ടർ 20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ച് അർജന്‍റീന. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലാറ്റിനമേരിക്കൻ കരുത്തന്മാർ അവസാന നാലിലെത്തിയത്. 2007-നു ശേഷം ഇതാദ്യമായാണ് അർജന്‍റീന ഈ ടൂർണമെന്‍റിൻ്റെ സെമി ഫൈനലിൽ എത്തുന്നത്. സെമി ഫൈനലിൽ കൊളംബിയയാണ് അർജന്‍റീനയുടെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെ 3-2ന് പരാജയപ്പെടുത്തിയാണ് കൊളംബിയ അവസാന നാലിലെത്തിയത്.
മത്സരത്തിൽ മെക്സിക്കോ പന്ത് കൂടുതൽ സമയം കൈവശം വെക്കുകയും നിരവധി ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുക്കുകയും ചെയ്തെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. കളിയിലെ കണക്കുകളിൽ മെക്സിക്കോ മുന്നിട്ടുനിന്നെങ്കിലും, മത്സരത്തിൻ്റെ ഗതിക്ക് വിപരീതമായി ഒമ്പതാം മിനിറ്റിൽ തന്നെ അർജന്‍റീന ലീഡ് നേടി. മെക്സിക്കൻ ഗോൾകീപ്പർ തട്ടിക്കളഞ്ഞ പന്ത് റീബൗണ്ടായി ലഭിച്ച മഹർ കാരിസോ അർജന്‍റീനയ്ക്കായി ആദ്യ ഗോൾ നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ, 56-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മറ്റിയോ സിൽവെറ്റി ടീമിൻ്റെ രണ്ടാം ഗോൾ നേടി അർജന്‍റീനയുടെ വിജയം ഉറപ്പിച്ചു. മത്സരത്തിൻ്റെ ഇൻജുറി ടൈമിൽ മെക്സിക്കോയുടെ ഡീഗോ ഒച്ചാവോയ്ക്കും തഹീൽ ജിമെനെസിനും ചുവപ്പ് കാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായി. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന അർജന്‍റീനയുടെ ഇത് അഞ്ചാം വിജയമാണ്. ആറ് തവണ ഈ കിരീടം ചൂടിയിട്ടുള്ള രാജ്യമാണ് അർജന്‍റീന.
പ്രീ ക്വാർട്ടർ മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് അർജന്‍റീന ക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ട് വർഷം മുൻപ് ലോകകപ്പ് ആതിഥേയത്വം വഹിച്ചപ്പോൾ പ്രീ ക്വാർട്ടറിൽ നൈജീരിയയോട് തോറ്റ് പുറത്തായതിനുള്ള പ്രതികാരം കൂടിയായി ഈ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് അർജന്‍റീന പ്രീ ക്വാർട്ടറിലെത്തിയത്. അതേസമയം, അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയം പോലും നേടാനാവാതെ ദയനീയമായി പുറത്തായിരുന്നു