'സഞ്ജു വിഷമിക്കണ്ട, അവസരം വരും'; രോഹിത്തിന്റെ ആ വാക്കുകൾ വെറുതെയായില്ല; മലയാളി താരത്തിന്റേത് ബാറ്റ് കൊണ്ടുള്ള മറുപടി ; വൈറലായി ആ പെപ് ടോക്ക്
കൊൽക്കത്ത: ടി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായ സഞ്ജു സാംസന്റെ തോളിൽ തട്ടി രോഹിത് ശർമ്മ അന്ന് പറഞ്ഞ ഈ വാക്കുകൾ ഇന്ന് വീണ്ടും ചർച്ചയായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ 97 റൺസുമായി ഇന്ത്യയെ വിജയതീരത്തെത്തിച്ച് സഞ്ജു തന്റെ മടങ്ങിവരവ് ആഘോഷിക്കുമ്പോൾ, ആരാധകർ ഏറ്റെടുക്കുന്നത് രോഹിത് നൽകിയ ആ 'പെപ് ടോക്ക്' ആണ്.
ഒരു വർഷത്തിലേറെയായി ഇന്ത്യയുടെ ടി20 ഓപ്പണർ സ്ഥാനത്തേക്ക് മുൻഗണന നൽകിയിരുന്ന താരമായിരുന്നിട്ടും, ഇഷാൻ കിഷന്റെ മികച്ച ഫോമിനെത്തുടർന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ ലഭിച്ച അവസരം ഇരു കൈയ്യും നീട്ടിയാണ് സഞ്ജു സ്വീകരിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സഞ്ജുവിന് നൽകിയ പ്രചോദനാത്മകമായ ഒരു സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അമേരിക്കക്കെതിരായ ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ എത്തിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നില്ല. ആ സമയത്താണ് സഞ്ജുവിന് പിന്തുണയുമായി രോഹിത് അദ്ദേഹത്തിനടുത്തേക്ക് ചെന്നത്.
"എങ്ങനെയുണ്ട്? വിഷമിക്കണ്ട. ഇതൊരു വലിയ ടൂർണമെന്റാണ്, എപ്പോൾ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം," എന്ന് രോഹിത് സഞ്ജുവിനോട് പറഞ്ഞു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച വീഡിയോയിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രോഹിത്തിന്റെ വാക്കുകൾ അന്വർത്ഥമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സഞ്ജു ടീമിലേക്ക് തിരിച്ചെത്തി. സിംബാബ്‌വെക്കെതിരായ വിജയത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സഞ്ജു, പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഇന്നിംഗ്‌സായിരുന്നു. മത്സരത്തിന് ശേഷം സഞ്ജു രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ആദരമർപ്പിക്കുകയും ചെയ്തു.
"കഴിഞ്ഞ 10-12 വർഷമായി ഐപിഎൽ കളിക്കുന്നു, കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ടീമിനൊപ്പമുണ്ട്... എല്ലായ്‌പ്പോഴും എനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല, പക്ഷേ ഡഗ് ഔട്ടിലിരുന്ന് വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ മഹാരഥന്മാരിൽ നിന്ന് ഞാൻ പഠിക്കുകയായിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നതും അതിൽ നിന്ന് പഠിക്കുന്നതും വളരെ പ്രധാനമായിരുന്നു," ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസിന് ചുക്കാൻ പിടിച്ച ശേഷം സഞ്ജു പറഞ്ഞു.
