ആ ആവേശം സഞ്ജുവിന് വിനയായി; ഹെൽമറ്റ് ഊരി എറിഞ്ഞതിൽ ഐസിസി കടുപ്പിക്കുമോ?; നടപടിക്ക് സാധ്യത
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ച മലയാളി താരം സഞ്ജു സാംസണ് ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ വൈകാരികമായ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടം വരാനിരിക്കെ, താരത്തിന് വിലക്ക് നേരിടേണ്ടി വരില്ലെന്ന ആശ്വാസത്തിലാണ് ആരാധകർ.
മത്സരത്തിലെ വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും അശ്രദ്ധമായി വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റമാണ്. അമിതാവേശം കൊണ്ടുള്ള ഇത്തരം പ്രവൃത്തികളെ 'ലെവൽ 1' കുറ്റമായാണ് സാധാരണ കണക്കാക്കാറുള്ളത്.
ലെവൽ 1 കുറ്റങ്ങൾക്ക് സാധാരണഗതിയിൽ വിലക്ക് ഏർപ്പെടുത്താറില്ല. മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ ലഭിക്കുക. 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ മാത്രമേ സസ്പെൻഷൻ ഉണ്ടാകൂ. സഞ്ജുവിന്റെ കാര്യത്തിൽ മുൻപ് ഇത്തരം അച്ചടക്ക ലംഘനങ്ങൾ ഇല്ലാത്തതിനാലും, എതിർ താരങ്ങളെ അപമാനിക്കാനോ അമ്പയറോട് വിയോജിപ്പ് പ്രകടിപ്പിക്കാനോ ആയിരുന്നില്ല സഞ്ജുവിന്റെ പ്രവൃത്തിയെന്നതും മാച്ച് റഫറി കണക്കിലെടുക്കാനാണ് സാധ്യത.
നേരത്തെ സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്കും സമാന രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സഞ്ജുവിന്റെ കാര്യത്തിലും പിഴ ശിക്ഷയിൽ നടപടി ഒതുങ്ങിയാൽ സെമി ഫൈനലിൽ താരം കളിക്കുമെന്ന് ഉറപ്പാണ്.