പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എല്ലാം വിചിത്രം! ഇന്ത്യയോട് തോറ്റതിന് പാക്കിസ്താന്‍ താരങ്ങള്‍ക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നല്‍കണമെന്ന് പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്
പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എല്ലാം വിചിത്രം!
ഇസ്ലാമബാദ്: കുറച്ചുകാലമായി പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ നടക്കുന്നതെല്ലാം വിചിത്രമായ കാര്യങ്ങളാണ്. ഇത്തവണ ലോകകപ്പില്‍ നിന്നും പുറത്തായ ശേഷവും പാക്കിസ്ഥാന്‍ പതിവു തെറരിച്ചില്ല. ട്വന്റി20 ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കൊടുത്തിരിക്കയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഓരോ താരത്തില്‍നിന്നും 50 ലക്ഷം രൂപ (പാകിസ്താന്‍ രൂപ) വീതം പിഴയായി ഈടാക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീമിലെ എല്ലാ താരങ്ങള്‍ക്കും ഇത്രവലിയ തുക പിഴയായി ചുമത്തുന്നത്. ലോകകപ്പില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാത്തതാണ് ബോര്‍ഡിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്താന്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുന്നതിന് മുമ്പുതന്നെ ഈ തീരുമാനമെടുത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.സി.ബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു നടപടിക്ക് നീക്കം തുടങ്ങിയത്. കഴിഞ്ഞ കുറച്ചു കാലമായി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. 2024 ലോകകപ്പില്‍ അമേരിക്കയോടും ഇന്ത്യയോടും തോറ്റ് സൂപ്പര്‍ എയ്റ്റ് കാണാതെ പുറത്തായപ്പോള്‍ തന്നെ ടീമില്‍ 'സര്‍ജറി' നടത്തുമെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത്തവണയും കാര്യമായ മാറ്റമുണ്ടായില്ല. ഇന്ത്യയോട് വീണ്ടും തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തത് ബോര്‍ഡിനെ ചൊടിപ്പിച്ചു. താരങ്ങള്‍ നന്നായി കളിക്കുമ്പോള്‍ അവര്‍ക്ക് വലിയ തുക പാരിതോഷികമായി നല്‍കാറുണ്ട്. അതുപോലെ തന്നെ മോശം പ്രകടനം നടത്തുമ്പോള്‍ അവര്‍ പിഴയൊടുക്കാനും ബാധ്യസ്ഥരാണെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിലപാട്.
പാക് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏക താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ആണ്. വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (383 റണ്‍സ്) നേടുന്ന താരമായി ഫര്‍ഹാന്‍ മാറി. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികളും നേടി. മികച്ച പ്രകടനം നടത്തിയതിനാല്‍ താരത്തെ പിഴയില്‍നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടീമിലെ പടലപ്പിണക്കങ്ങളും വ്യക്തിഗത നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണതയും അവസാനിപ്പിക്കാനാണ് പി.സി.ബി കടുത്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
