'ഞാന്‍ വലിയ ദൈവവിശ്വാസിയാണ്; ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്'; ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു; ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം; വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ വിജയറണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ നടത്തിയ വൈകാരികമായ ആഘോഷം കായികലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മോശം ഫോമിന്റെ പേരില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താകുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തപ്പോള്‍ ബാറ്റ് കൊണ്ട് എല്ലാത്തിനും മറുപടി നല്‍കിയ സഞ്ജു, ടീമിനെ സെമിയിലെത്തിച്ച ശേഷം മൈതാനത്ത് മുട്ടുകുത്തി നിന്നാണ് ദൈവത്തിന് നന്ദി പറഞ്ഞത്. വിജയറണ്ണിന് പിന്നാലെ ഹെല്‍മറ്റ് അഴിച്ചുവെച്ച് മൈതാനത്ത് മുട്ടുകുത്തി നിന്ന്, ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു.
50 പന്തില്‍ 97 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മറ്റു ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായപ്പോഴും ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സ് വിജയത്തിലേക്കുള്ള വാതില്‍ തുറന്നു.
ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാന്‍ മത്സരിക്കുകയായിരുല്‍ന്നു ക്യാമറക്കണ്ണുകള്‍. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ഇതിന്റെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലരുടെയും ഇന്‍സ്റ്റഗ്രാം, വാട്സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. മാസങ്ങളായി താന്‍ നേരിട്ട അവഗണനകള്‍ക്കും തിരിച്ചടികള്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കിയതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത്.
ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസണ്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. തന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. അതൊരു പ്രത്യേക നിമിഷമായിരുന്നു. ഞാന്‍ വലിയ ദൈവവിശ്വാസിയാണ്. ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്- സഞ്ജു പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തിനായി ഇഷാന്‍ കിഷനും അഭിഷേക് ശര്‍മ്മയും എത്തിയതോടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ സഞ്ജു, ഒടുവില്‍ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് ഇന്ത്യയെ സെമി ഫൈനലില്‍ എത്തിക്കുകയായിരുന്നു.
196 റണ്‍സ് പിന്തുടരുന്നത് വെല്ലുവിളിയായിരുന്നു എന്ന് സഞ്ജു സമ്മതിച്ചു. തുടക്കത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ മഞ്ഞുവീഴ്ചയുള്ളപ്പോള്‍ 190-ഓളം റണ്‍സ് പിന്തുടരുന്നത് എളുപ്പമാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് കാര്യങ്ങള്‍ പ്രയാസകരമാക്കി. അവിടെയാണ് എന്റെ പരിചയസമ്പത്ത് തുണച്ചത്. അവസാനം വരെ ക്രീസില്‍ നിന്ന് കളി ജയിപ്പിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാധാരണയായി നമ്മള്‍ അങ്ങനെ ആഗ്രഹിക്കാറുണ്ട്, പക്ഷേ എല്ലാ തവണയും അത് നടക്കണമെന്നില്ല. ഈ കളിയില്‍ അത് സാധ്യമായതില്‍ എനിക്ക് വലിയ നന്ദിയുണ്ട്-സഞ്ജു വ്യക്തമാക്കി.
സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ വലിയ റിസ്‌ക് എടുക്കുന്നതിനേക്കാള്‍ കൃത്യമായ ടൈമിംഗിലൂടെ ബൗണ്ടറികള്‍ കണ്ടെത്താനാണ് താന്‍ ശ്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. ഓരോ തവണയും വലിയ ഷോട്ടിന് ശ്രമിക്കാമെന്ന് കരുതിയപ്പോഴും മറുവശത്ത് വിക്കറ്റ് വീണു. ഇതോടെ സമചിത്തതയോടെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് സമ്മാനിച്ചത്. സെമി ഫൈനലില്‍ വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
