റെക്കോർഡ് കുറിച്ച് 17-കാരനായ ലെനാർട്ട് കാൾ; ഗോളടി തുടർന്ന് ഹാരി കെയ്ൻ; സീസണിൽ തോൽവിയറിയാതെ ബയേൺ മ്യൂണിക്ക്; യുവേഫ ചാമ്പ്യൻസ് ലീഗിൽ ബ്രൂഗിനെ തകർത്തത് എതിരില്ലാത്ത നാല് ഗോളിന്
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗിനെ എതിരില്ലാത്ത 4-0 എന്ന സ്കോറിനാണ് ബയേൺ തകർത്തത്. സീസണിൽ തുടർച്ചയായ 12-ാം വിജയമായിരുന്നു ബയേണിന്റേത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ 9 പോയിന്റുകളുമായി നോക്കൗട്ട് റൗണ്ട് സാധ്യതകൾ ബയേൺ ഏറെക്കുറെ ഉറപ്പാക്കി.
ബുധനാഴ്ച സ്വന്തം തട്ടകമായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ആദ്യ 34 മിനിറ്റിനുള്ളിൽ തന്നെ ബയേൺ മൂന്ന് ഗോളുകൾ നേടി കളി നിയന്ത്രണത്തിലാക്കിയിരുന്നു. 17-കാരനായ ലെനാർട്ട് കാൾ ചാമ്പ്യൻസ് ലീഗിൽ ബയേണിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻ താരമെന്ന റെക്കോഡ് സ്വന്തമാക്കി. ഹാരി കെയ്ൻ സീസണിലെ തന്റെ 12-ാം മത്സരത്തിൽ 20-ാം ഗോൾ നേട്ടം ആഘോഷിച്ചു. ലൂയിസ് ഡയസ് 34-ാം മിനിറ്റിൽ ബയേണിന്റെ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ജാക്സൺ 79-ാം മിനിറ്റിൽ നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. സീസണിൽ ഇതുവരെ കളിച്ച എല്ലാ 12 മത്സരങ്ങളിലും വിജയം നേടിയ ബയേണിന്, ജർമ്മൻ ലീഗ് ആയ ബുണ്ടസ് ലിഗയിലും ഏഴ് മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയം നേടി. അടുത്ത മത്സരത്തിൽ നവംബർ 4-ന് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ്-ജെർമെയ്‌നെ നേരിടാനൊരുങ്ങുകയാണ് ബയേൺ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ക്ലബ് ബ്രൂഗ്, അടുത്ത മത്സരത്തിൽ ബ്രസലോണയെ അവരുടെ തട്ടകത്തിൽ നേരിടും.