ഗർഭിണിയെന്നും, ചിത്രം പരസ്യമാക്കുമെന്നും ഭീഷണി; ഫുട്ബോൾ താരം സൺ ഹ്യുങ്-മിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയ കേസ്; യുവതിക്ക് നാല് വർഷം കഠിനതടവ് വിധിച്ച് സൗത്ത് കൊറിയൻ കോടതി

Update: 2025-12-08 12:37 GMT

സോൾ: ദക്ഷിണ കൊറിയൻ ഫുട്ബോൾ താരം സോൺ ഹ്യൂങ്-മിന്നിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കൊറിയയിലെ കോടതി നാല് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ പങ്കാളിയായ കൂട്ടുപ്രതിക്ക് രണ്ട് വർഷം തടവും ശിക്ഷയായി ലഭിച്ചു. സോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. യാങ് എന്ന് പേരുള്ള യുവതിയാണ് കേസിലെ പ്രധാന പ്രതി.

ഇവർ 2024-ൽ സൺ ഹ്യൂങ്-മിനിൽ നിന്ന് 300 മില്യൺ സൗത്ത് കൊറിയൻ വോൺ (ഏകദേശം 2 ലക്ഷം ഡോളർ) തട്ടിയെടുക്കാൻ ശ്രമിച്ചു. താരത്തിന്റെ കുട്ടിയെ ഗർഭം ധരിച്ചതായി പറയുകയും, വ്യാജ അൾട്രാസൗണ്ട് ചിത്രം അയച്ച് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കരിയറിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ താരം പണം നൽകിയിരുന്നു. യാങ് ഈ തുക ആഢംബര വസ്തുക്കളും ഡിസൈനർ ഉത്പന്നങ്ങളും വാങ്ങാനായി ചെലവഴിച്ചു.

തുടർന്ന്, യോങ് എന്ന കൂട്ടുപ്രതിയുമായി ചേർന്ന് ഇവർ സൺ ഹ്യൂങ്-മിനിൽ നിന്ന് വീണ്ടും 70 മില്യൺ വോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് താരം പോലീസിനെ സമീപിച്ചതും ഇരുവരും അറസ്റ്റിലായതും. യാങ് ഗർഭിണിയാണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ലെന്നും, ഗർഭസ്ഥശിശു ആരുടേതാണെന്ന് യുവതി സ്ഥിരീകരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യാങ്ങിന്റെ വാദങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി വ്യക്തമാക്കി.

യാങ് താരത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും ജഡ്ജി ഇം ജിയോങ്-ബിൻ പറഞ്ഞു. പണം ആവശ്യപ്പെട്ടുള്ള ഭീഷണികളിൽ ഒതുങ്ങാതെ മാധ്യമങ്ങളെയും പരസ്യ ഏജൻസികളെയും സമീപിക്കുമെന്ന് ഭീഷണിപ്പെടുത്തി താരത്തിന്റെ പൊതുരംഗത്തെ സ്വാധീനം ചൂഷണം ചെയ്യാൻ ഇവർ ശ്രമിച്ചു. സംഭവം പൊതുസമൂഹത്തിൽ അറിഞ്ഞതോടെ സൺ ഹ്യൂങ്-മിൻ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചതായും കോടതി കണ്ടെത്തി. ശ്രമം ഉപേക്ഷിച്ച കൂട്ടുപ്രതി യോങ്ങിന് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് കോടതി നൽകിയത്. ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീമിന്റെ നായകനും ലോസ് ഏഞ്ചൽസ് എഫ്.സി. താരവുമായ സൺ ഹ്യൂങ്-മിൻ കഴിഞ്ഞ മാസം അടച്ചിട്ട കോടതിയിൽ സാക്ഷിയായി ഹാജരായി മൊഴി നൽകിയിരുന്നു.

Tags:    

Similar News