കോച്ച് മാറി, കളി മാറിയില്ല; സ്പോർട്ടിങ് ഡൽഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്; പരാജയപ്പെട്ടത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്
ഹൈദരാബാദ്: കോച്ച് മാറി, തന്ത്രങ്ങൾ മാറി, പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലത്തിന് മാത്രം മാറ്റമില്ല. ഐഎസ്എല്ലിലെ പുത്തൻ പോരാട്ടത്തിൽ സ്പോർട്ടിങ് ഡൽഹിയോടും എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്റെ തകർച്ച പൂർണ്ണമായി. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിലിറങ്ങിയ ആദ്യ മത്സരത്തിലും ആരാധകർക്ക് നിരാശയായിരുന്നു ഫലം. സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റ ബ്ലാസ്റ്റേഴ്സ് വെറും ഒരു പോയിന്റുമായി പട്ടികയിൽ 13-ാം സ്ഥാനത്ത് തുടരുകയാണ്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഡൽഹി ആദ്യ പകുതിയിൽ തന്നെ ലീഡെടുത്തു. 36-ാം മിനിറ്റിൽ മുഹമ്മദ് അയ്മനിലൂടെയാണ് ഡൽഹി വലകുലുക്കിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡൽഹി പ്രതിരോധം കോട്ടകെട്ടി കാത്തു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, ഇഞ്ചുറി ടൈമിൽ മതിജ ബാബോവിക് രണ്ടാം ഗോളും നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർത്തിയായി.
മോശം പ്രകടനത്തെത്തുടർന്ന് ഡേവിഡ് കാറ്റാലയെ പുറത്താക്കിയാണ് വെസ്റ്റ്‌വുഡിനെ മാനേജ്‌മെന്റ് ചുമതലയേൽപ്പിച്ചത്. എന്നാൽ പഴയ പിഴവുകൾ ആവർത്തിക്കുന്ന കാഴ്ചയാണ് ഹൈദരാബാദിലും കണ്ടത്. മിഖായൽ സ്റ്റാറേയ്ക്ക് പകരക്കാരനായി എത്തിയ കാറ്റാലയ്ക്ക് കീഴിൽ ഒരു ജയം പോലും നേടാൻ ടീമിന് കഴിഞ്ഞിരുന്നില്ല. ഈ ശാപം വെസ്റ്റ്‌വുഡിന്റെ ആദ്യ മത്സരത്തെയും വേട്ടയാടി.
ടീമിന്റെ തുടർച്ചയായ തോൽവികളിലും മാനേജ്‌മെന്റിന്റെ നിസ്സംഗതയിലും പ്രതിഷേധിച്ച് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൊച്ചിയിൽ നടക്കാനിരിക്കുന്ന ഹോം മാച്ചുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. കൊച്ചിയിൽ പഞ്ചാബ് എഫ്‌സിയോട് 3-1 ന് തോറ്റതിന് പിന്നാലെയാണ് ആരാധകരുടെ ക്ഷമ നശിച്ചത്. ഐഎസ്എല്ലിലെ ഏറ്റവും കരുത്തരായ ആരാധകർ ഗാലറി കൈവിടുന്നത് ടീമിന് വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധിയാകും.
സ്കോർ നില:
സ്പോർട്ടിങ് ഡൽഹി: 2 (മുഹമ്മദ് അയ്മൻ 36', മതിജ ബാബോവിക് 90+4')
കേരള ബ്ലാസ്റ്റേഴ്സ്: 0
