പരാഗ്വേയെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അണ്ടർ 17 ഫിഫാ ലോകകപ്പിൽ ബ്രസീലിന് ജയം; പ്രീ-ക്വാർട്ടറിൽ എതിരാളികൾ ഫ്രാൻസ്

Update: 2025-11-15 09:17 GMT

ദോഹ: അണ്ടർ 17 ഫിഫാ ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വേയെ 5-4 ന് പരാജയപ്പെടുത്തി ബ്രസീലിന് ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. പ്രീ-ക്വാർട്ടറിൽ ശക്തരായ ഫ്രാൻസാണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ എത്തിയത്.

മറ്റ് മത്സരങ്ങളിൽ, കാനഡക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തോടെ അയർലൻഡ് പ്രീ-ക്വാർട്ടറിലേക്ക് കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. അമേരിക്കക്കെതിരായ മത്സരത്തിൽ മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടി.

ന്യൂ കാലിഡോണിയക്കെതിരെ നേടിയ ചരിത്ര വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായ അമേരിക്കയെയാണ് മൊറോക്കോ നേരിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. പ്രീ-ക്വാർട്ടറിൽ മൊറോക്കോ മാലിെയ നേരിടും. അണ്ടർ 17 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകളാണ് ബ്രസീലും നൈജീരിയയും. ഇരുവർക്കും നാല് വീതം കിരീടങ്ങളുണ്ട്. ബ്രസീൽ 1997, 1999, 2003, 2019 വർഷങ്ങളിലാണ് മുമ്പ് കിരീടം ചൂടിയിട്ടുള്ളത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഹോണ്ടുറാസിനെ 7-0 നും ഇന്തോനേഷ്യയെ 4-0 നും പരാജയപ്പെടുത്തിയ ബ്രസീൽ, സാംബിയയുമായി 1-1 സമനിലയിൽ പിരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ-ക്വാർട്ടറിലെത്തിയത്. നിലവിൽ നാല് ലോകകപ്പ് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയുമാണ് ബ്രസീലിന്റെ അക്കൗണ്ടിൽ ഉള്ളത്. 

Similar News