മുഹമ്മദ് അജ്സലിന് ഹാട്രിക്ക്, പ്രശാന്തിന് ഡബിൾ; സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയവുമായി കാലിക്കറ്റ് എഫ്‌സി; ഫോഴ്‌സ കൊച്ചിക്ക് തുടർച്ചയായ ആറാം തോൽവി

Update: 2025-11-09 17:06 GMT

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്‌സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആറാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്‌സി 6-2 ന് ഫോഴ്‌സ കൊച്ചിയെ തകർത്തു. യുവതാരം മുഹമ്മദ് അജ്സലിന്റെ ഹാട്രിക് കാലിക്കറ്റ് എഫ്‌സിയുടെ വിജയത്തിൽ നിർണായകമായി.

വിജയികൾക്കായി ക്യാപ്റ്റൻ പ്രശാന്ത് രണ്ട് ഗോളുകളും സിമിൻലെൻ ഡെങ്കൽ ഒരു ഗോളും നേടി. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ച് താരം റൊണാൾഡ് വാൻ കെസൽ നേടി. ഈ വിജയത്തോടെ ആറ് കളികളിൽ 11 പോയിന്റുമായി കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആറ് കളികളിലും പരാജയപ്പെട്ട കൊച്ചി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

മത്സരം ആരംഭിച്ച് ആദ്യ 19 മിനിറ്റുകൾക്കുള്ളിൽ തന്നെ കാലിക്കറ്റ് എഫ്‌സി മുന്നിലെത്തി. 19-ാം മിനിറ്റിൽ അണ്ടർ 23 താരം മുഹമ്മദ് അജ്സൽ നേടിയ ഗോളിലൂടെ കാലിക്കറ്റ് 1-0 ന് മുൻപിലെത്തി. 34-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ വീണ്ടും ലക്ഷ്യം കണ്ടു (2-0). പിന്നാലെ ക്യാപ്റ്റൻ പ്രശാന്ത് 40-ാം മിനിറ്റിൽ മൂന്നാം ഗോളും (3-0) നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സൽ ഹാട്രിക്ക് പൂർത്തിയാക്കിയതോടെ കാലിക്കറ്റ് 4-0 ന് മുന്നിലെത്തി. ലീഗിൽ അഞ്ച് ഗോളുകളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്ത് എത്തി.

രണ്ടാം പകുതിയിൽ കൊച്ചി ശക്തമായി തിരിച്ചെത്തി. 69-ാം മിനിറ്റിൽ റൊണാൾഡ് വാൻ കെസൽ കൊച്ചിയുടെ ആദ്യ ഗോൾ നേടി (4-1). എന്നാൽ 84-ാം മിനിറ്റിൽ സിമിൻലെൻ ഡെങ്കൽ കാലിക്കറ്റിന്റെ അഞ്ചാം ഗോൾ നേടി. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 6-1. കളിയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡ് വാൻ കെസൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും, കാലിക്കറ്റ് എഫ്‌സി 6-2 ന് വിജയം സ്വന്തമാക്കി.

Tags:    

Similar News