ഷഹീന്റെ അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും; ശ്രീലങ്കയെ ജയത്തിനരികെ വരെ എത്തിച്ച് നായകന്‍ ഷനക; തല്ല് വാങ്ങിക്കൂട്ടി താരിഖും ഷദാബും; ജയിച്ചിട്ടും കളി തീരും മുമ്പെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്; ന്യൂസിലന്‍ഡ് ലോകകപ്പിലെ അവസാന നാലില്‍

Update: 2026-02-28 17:47 GMT

കൊളംബോ: നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിന് ജയിച്ചിട്ടും ട്വന്റി20 ലോകകപ്പില്‍നിന്ന് പാക്കിസ്ഥാന്‍ പുറത്ത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ലങ്കയുടെ സ്‌കോര്‍ 147 പിന്നിട്ടതോടെയാണ് പാക്കിസ്ഥാന്റെ സെമി സ്വപ്‌നങ്ങള്‍ പൊലിഞ്ഞത്. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമി ഫൈനലിനു യോഗ്യത നേടി. അഞ്ച് റണ്‍സിനു ജയിച്ചെങ്കിലും കളി തീരുംമുന്‍പേ പാക്കിസ്ഥാന്‍ പുറത്തായി. പാക്കിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നു പോയിന്റുകള്‍ വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ കിവീസ് സെമിയിലേക്കു മുന്നേറി.

മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ ദസുന്‍ ഷനാകയാണ് ശ്രീലങ്കയുടെ ടോപ്‌സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട ഷനാക 76 റണ്‍സുമായി പുറത്താകാതെനിന്നു. പവന്‍ രത്‌നനായകെയും ലങ്കയ്ക്കായി അര്‍ധ സെഞ്ചറി നേടി. 37 പന്തുകള്‍ നേരിട്ട താരം 58 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറില്‍ 28 റണ്‍സായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെ ഷനാക മൂന്ന് സിക്‌സുകളും ഒരു ഫോറും പറത്തിയെങ്കിലും, അവസാന രണ്ട് ബോളുകള്‍ ഡോട്ട് എറിഞ്ഞ് പാക്കിസ്ഥാന്‍ രക്ഷപെടുകയായിരുന്നു. ഇതോടെ ഇന്ത്യയ്‌ക്കൊപ്പം സംയുക്ത ആതിഥേയരായ ശ്രീലങ്ക സൂപ്പര്‍ എട്ടില്‍ ഒരു പോയിന്റും നേടാതെ നാണക്കേടിലായി.

അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്റെ സെമി സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിച്ചാണ് ലങ്ക പുറത്താകുന്നത്. 31 പന്തില്‍ 76 റണ്‍സ് അടിച്ചൂകൂട്ടിയ ദസുന്‍ ഷനകയാണ് ലങ്കയെ ജയത്തിന് അരികെ എത്തിച്ചത്. അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ഷനക തുടര്‍ച്ചയായ മൂന്ന് സിക്‌സുകള്‍ അടിച്ച് ലങ്കയെ ജയത്തിന് അരികെ എത്തിച്ചു. എന്നാല്‍ അവസാന രണ്ട് പന്തുകളില്‍ ജയിക്കാനാവശ്യമായ ആറ് റണ്‍സ് നേടാന്‍ ഷനകയ്ക്ക് കഴിഞ്ഞില്ല. ദുനിത് വെല്ലാലഗെ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഓപ്പണര്‍ സഹിബ്‌സദ ഫര്‍ഹാന്‍ പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി. 60 പന്തുകളില്‍ അഞ്ച് സിക്‌സുകളും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ ഫര്‍ഹാന്‍ 100 റണ്‍സെടുത്തു പുറത്തായി. ഫഖര്‍ സമാന്‍ 42 പന്തില്‍ 84 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ബാബര്‍ അസമിനെയും സയിം അയൂബിനെയും പുറത്തിരുത്തി കളിക്കാനിറങ്ങിയ പാക്കിസ്ഥാന്, ഓപ്പണിങ്ങില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണു ലഭിച്ചത്.

പവര്‍പ്ലേയില്‍ 64 റണ്‍സടിച്ച പാക്കിസ്ഥാന്‍ 9.5 ഓവറില്‍ 100 പിന്നിട്ടു. 16ാം ഓവറിലെ അഞ്ചാം പന്തില്‍ ഫഖര്‍ സമാനെ പുറത്താക്കിയ ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെയെത്തിയ ബാറ്റര്‍മാരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങിയെങ്കിലും 18.5 ഓവറുകളില്‍ സ്‌കോര്‍ 200 പിന്നിട്ടു. ആദ്യ 95 പന്തുകളില്‍ വിക്കറ്റുപോകാതെ 176 എന്ന നിലയില്‍നിന്ന് പിന്നീടുള്ള 25 പന്തുകളില്‍ എട്ട് വിക്കറ്റ് വീണപ്പോള്‍ പാക്കിസ്ഥാന്‍ നേടിയത് 36 റണ്‍സ് മാത്രം. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മദുഷംഗ മൂന്നു വിക്കറ്റുകളും ദസുന്‍ ഷനാക രണ്ടു വിക്കറ്റുകളും വീഴ്ത്തി. ദുഷ്മന്ത ചമീരയ്ക്കും ഒരു വിക്കറ്റുണ്ട്.

പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് പോരാട്ടം നേരത്തെ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരുവരും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡ്, ശ്രീലങ്കയെ തോല്‍പ്പിച്ചു. പാകിസ്ഥാന്‍, ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് മൂന്നും പാകിസ്ഥാന് ഒരു പോയിന്റും. എന്നാല്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന് വീണ്ടും അവസരമായി. അവര്‍ക്ക് ശ്രീലങ്കയെ 65 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ആശിക്കുന്ന പോലൊരു വിജയം പാകിസ്ഥാന് നേടാന്‍ സാധിച്ചില്ല.

Tags:    

Similar News