ആദ്യ ജയത്തിനായി കാത്തിരുന്നത് 23 വര്‍ഷം; 2014ല്‍ മുംബൈയെ അട്ടിമറിച്ച് 'ഞെട്ടിച്ചു'; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒടുവില്‍ ജൈത്രയാത്ര! 67 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജമ്മു കശ്മീര്‍; കര്‍ണാടകയുടെ വമ്പൊടിച്ച് കന്നി രഞ്ജി കിരീടം; ഹുബ്ലിയില്‍ ചരിത്രം കുറിച്ച് പരസ് ദോഗ്രയും സംഘവും

Update: 2026-02-28 12:10 GMT

ഹുബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരായി ജമ്മു കശ്മീര്‍. കര്‍ണാടകക്കെതിരായ മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ കന്നിക്കീരീടം സ്വന്തമാക്കിയത്. 67 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജമ്മു കശ്മീര്‍ കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 584 റണ്‍സെടുത്ത ജമ്മു കശ്മീരിന് മറുപടിയായി കര്‍ണാടക 293 റണ്‍സിന് പുറത്തായിരുന്നു. അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 160 റണ്‍സുമായി പുറത്താകാതെ നിന്ന ഖമ്രാന്‍ ഇക്ബാലും 101 റണ്‍സുമായി പുറത്താകാതെ നിന്ന സഹില്‍ ലോത്രയുമാണ് ജമ്മു കശ്മീരിന്റെ കിരീടം ഉറപ്പിച്ചത്. സ്‌കോര്‍: ജമ്മു കശ്മീര്‍ ഒന്നാം ഇന്നിങ്‌സ് 584 ഓള്‍ഔട്ട്, രണ്ടാം ഇന്നിങ്‌സ് 4ന് 324, കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 293 ഓള്‍ഔട്ട്.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസും കശ്മീര്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിന് 5 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. റണ്ണേഴ്‌സ് അപ്പായ കര്‍ണാടകയ്ക്ക് 3 കോടി രൂപയും ലഭിക്കും. ഇതൊരു പുതിയ തുടക്കമാണ്, കശ്മീരിലെ യുവതാരങ്ങള്‍ക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പറഞ്ഞു.

ചരിത്രത്തിലേക്ക് കുതിച്ച് ജമ്മു എക്‌സ്പ്രസ്

ഫൈനല്‍ മത്സരം സമനിലയില്‍ പിരിയാന്‍ കര്‍ണാടക ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലിന് ജമ്മു കശ്മീര്‍ നായകന്‍ പരസ് ദോഗ്ര കൈകൊടുത്തപ്പോള്‍ ആ കൈ നീട്ടിയത് ചരിത്രത്തിലേക്ക് കൂടിയാണ്. 67 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലില്‍ കര്‍ണാടകയെ സമനിലയില്‍ തളച്ചാണ് ജമ്മുവിന്റെ കിരീടനേട്ടം. ഫൈനലിന്റെ അഞ്ചാം ദിനത്തില്‍ 4ന് 186 റണ്‍സ് എന്ന നിലയില്‍, 477 റണ്‍സ് ലീഡുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്മീര്‍, അസാമാന്യ ബാറ്റിങ് പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിക്കുകയായിരുന്നു. സെഞ്ചറി നേടിയ ഓപ്പണര്‍ ഖമ്രാന്‍ ഇഖ്ബാല്‍ (160*), സഹില്‍ ലോത്ര (101*) എന്നിവരാണ് കര്‍ണാടക ബോളര്‍മാരെ വെള്ളംകുടിപ്പിച്ചത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കര്‍ണാടക ബോളര്‍മാര്‍ തളര്‍ന്നതോടെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ ടീം ഹര്‍ഷാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിവന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ചാമ്പ്യന്‍ പട്ടം ഇനി ജമ്മു കശ്മീരിനു സ്വന്തം.

1959 - 60 സീസണിലായിരുന്നു രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിന്റെ അരങ്ങേറ്റം. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ ജയത്തിനായി അവര്‍ക്ക് പിന്നെയും 23 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1982 - 83 സീസണില്‍ സര്‍വീസസിനെ തോല്‍പിച്ചാണ് രഞ്ജിയില്‍ ജമ്മു ആദ്യ ജയം സ്വന്തമാക്കിയത്. അതിനു ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ടീം പിന്നീട് ശ്രദ്ധ നേടുന്നത് 2014ലാണ്. അന്ന് ആഭ്യന്തര ക്രിക്കറ്റിലെ അതികായന്‍മാരായ മുംബൈ ടീമിനെ, അവരുടെ തട്ടകത്തില്‍ നടന്ന രഞ്ജി മത്സരത്തില്‍ ജമ്മു അട്ടിമറിച്ചു. അതോടെയാണ് ജമ്മു ടീമിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. വൈകാതെ വിവിധ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നോക്കൗട്ട് റൗണ്ടുകളില്‍ ജമ്മു ടീം അവരുടെ സാന്നിധ്യം അറിയിച്ചു. അപ്പോഴും ഒരു ടൂര്‍ണമെന്റില്‍ പോലും ജേതാക്കളാകാനോ ഫൈനലില്‍ കടക്കാനോ അവര്‍ക്കു സാധിച്ചില്ല. 67 വര്‍ഷം നീണ്ട ആ കാത്തിരിപ്പാണ് ഈ രഞ്ജി സീസണില്‍ അവസാനിച്ചത്.

മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങി കരുത്തരായ ടീമുകള്‍ക്കൊപ്പം എലീറ്റ് ഗ്രൂപ്പ് ഡിയിലായിരുന്നു ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ജമ്മു. ഗ്രൂപ്പ് റൗണ്ടില്‍ 3 ജയമടക്കം 24 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് അവര്‍ നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശായിരുന്നു ജമ്മുവിന്റെ എതിരാളി. എന്നാല്‍ അവിടെയും ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം പതറിയില്ല. മധ്യപ്രദേശിനെ 56 റണ്‍സിന് തോല്‍പിച്ച ജമ്മു സെമി ഉറപ്പിച്ചു. പിന്നാലെ ബംഗാളിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ഫൈനലിലേക്ക്. ആദ്യ ഫൈനലില്‍ കരുത്തരായ കര്‍ണാടകയെ തോല്‍പ്പിച്ച് കിരീടനേട്ടവും

ഹുബ്ലിയിലെ ക്രിക്കറ്റ് മൈതാനത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ചെയ്യുമ്പോള്‍ പരാസ് ദോഗ്രയെന്ന 41 കാരന്‍ ചരിത്രം കുറിക്കുകയായിരുന്നു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല ദോഗ്ര പറഞ്ഞുവെച്ചു. ആഖിബ് നബിയും അബ്ദുള്‍ സമദും മൈതാനത്തിറങ്ങി ആരവം മുഴക്കി. ഗാലറിയില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കയ്യടികളോടെ താരങ്ങളെ വരവേറ്റു. ആദ്യ രഞ്ജി കിരീടമെന്ന സ്വപ്നനേട്ടം കൈയ്യെത്തിപ്പിടിച്ച ആ പതിനൊന്നുപേര്‍ ഹിമാലയം കീഴടക്കിയവരെപ്പോലെ തലയുയര്‍ത്തി നിന്നു. ഒരു പക്ഷേ അതിനേക്കാള്‍ ഉയരത്തിലാണവരുടെ നില്‍പ്പ്. വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന ആഭ്യന്തരക്രിക്കറ്റില്‍ അത്ര കരുത്തൊന്നുമില്ലാത്ത ഒരു ടീമിന് എന്തുചെയ്യാനാകും? അതിന് ദോഗ്രയും സംഘത്തിന്റെയും കിരീടനേട്ടത്തോടെ മറുപടി. രഞ്ജിയിലെ കശ്മീര്‍ സ്റ്റോറി.

ഫൈനലില്‍ കര്‍ണാടകയെ തകര്‍ത്താണ് ജമ്മു കശ്മീര്‍ ചരിത്രമെഴുതിയത്. രഞ്ജിയിലെ ജമ്മുവിന്റെ കന്നിക്കിരീടം. മത്സരം സമനിലയിലായെങ്കിലും ഒന്നാമിന്നിങ്‌സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തിയ ടീം എതിരാളികളായ കര്‍ണാടകയ്ക്കെതിരെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 584 റണ്‍സുയര്‍ത്തിയ ജമ്മു, കര്‍ണാടകയെ 293 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 291 റണ്‍സ് ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്‌സില്‍ 342-4 എന്ന നിലയില്‍ ജമ്മു ഡിക്ലയര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്‌സ് ലീഡ് ടീമിന് കിരീടവും സമ്മാനിച്ചു. മുന്‍ ജേതാക്കളെയെല്ലാം വീഴ്ത്തി ചരിത്രക്കുതിപ്പ് നടത്തിയാണ് ടീമിന്റെ മുന്നേറ്റം.

തോല്‍വിയോടെ തുടക്കം, ഒടുവില്‍ കിരീടം

എലൈറ്റ് വിഭാഗത്തിലെ ഗ്രൂപ്പ് ഡിയില്‍ ജമ്മു കശ്മീരിന്റെ തുടക്കം തോറ്റുകൊണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈയാണ് ജമ്മുവിനെ കീഴടക്കിയത്. 35 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ആദ്യ ഇന്നിങ്സില്‍ മുംബൈ 386 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു 325 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ മുംബൈയെ 181 റണ്‍സിന് എറിഞ്ഞിട്ടെങ്കിലും 243 റണ്‍സ് വിജയലക്ഷ്യത്തിലെത്താന്‍ ജമ്മുവിന് സാധിച്ചില്ല. 207 റണ്‍സിന് ജമ്മുവിനെ പുറത്താക്കി മുംബൈ ജയം പിടിച്ചെടുത്തു. ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെടുത്ത യുദ്ധ്വീര്‍ സിങ്ങും രണ്ടാം ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെടുത്ത ആഖിബ് നബിയും ടീമിനായി തിളങ്ങി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ജമ്മുവിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് കണ്ടത്. രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞു. ഇന്നിങ്സിനും 41 റണ്‍സിനുമാണ് പരസ് ദോഗ്രയും സംഘവും ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്സില്‍ 152 റണ്‍സിന് രാജസ്ഥാനെ പുറത്താക്കിയ ജമ്മു ഒന്നാമിന്നിങ്സില്‍ 282 റണ്‍സോടെ ലീഡെടുത്തു. രണ്ടാമിന്നിങ്സിലാകട്ടെ ജമ്മു ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും രാജസ്ഥാനായില്ല. ആഖിബ് നബി ഏഴുവിക്കറ്റോടെ തിളങ്ങിയതോടെ രാജസ്ഥാന്‍ 89 റണ്‍സിന് കൂടാരം കയറി. രണ്ട് ഇന്നിങ്സുകളിലുമായി ആഖിബ് പത്ത് വിക്കറ്റെടുത്തു.

ഛത്തീസ്ഗഢുമായുള്ള അടുത്ത മത്സരം സമനിലയില്‍ കലാശിച്ചു. ഒന്നാമിന്നിങ്സില്‍ ലീഡ് നേടിയതും ഛത്തീസ്ഗഢായിരുന്നു. അതിനാല്‍ ഒരു പോയന്റ് മാത്രമാണ് ടീമിന് ലഭിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരേയും ഹൈദരാബാദിനെതിരേയും ജയിച്ചുകയറി നോക്കൗട്ട് പ്രതീക്ഷകള്‍ ജമ്മു സജീവമാക്കി. ഡല്‍ഹിക്കെതിരേ എഴുവിക്കറ്റിനാണ് ജമ്മു വിജയിച്ചത്. മത്സരത്തില്‍ എട്ടുവിക്കറ്റുകളുമായി വന്‍ഷാജ് ശര്‍മയും അഞ്ചുവിക്കറ്റുമായി ആഖിബ് നബിയുമാണ് ഡല്‍ഹി ബാറ്റര്‍മാരെ വിറപ്പിച്ചത്. ഹൈദരാബാദിനെതിരേ 281 റണ്‍സിന്റെ കൂറ്റന്‍ ജയവും പരസ് ദോഗ്രയും സംഘവും സ്വന്തമാക്കി.

പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും സമനിലയില്‍ കലാശിച്ചെങ്കിലും ജമ്മു അടുത്ത റൗണ്ടിലേക്ക് മുന്നേറി. പുതുച്ചേരി, ഹിമാചല്‍ പ്രദേശ് ടീമുകള്‍ക്കെതിരേയായിരുന്നു മത്സരങ്ങള്‍. വിജയിക്കാനായില്ലെങ്കിലും ടീമിന്റെ ബാറ്റിങ് നിരയുടെയും ബാളിങ് നിരയുടെയും കരുത്ത് വെളിവാക്കുന്നതായിരുന്നു മത്സരങ്ങള്‍. പുതുച്ചേരിയുടെ പത്ത് വിക്കറ്റുകളും ബൗളര്‍മാര്‍ പിഴുതെറിഞ്ഞെങ്കില്‍ ഹിമാചലിനെ ആദ്യ ഇന്നിങ്സില്‍ ഓള്‍ഔട്ടാക്കുകയും മറുപടി ബാറ്റിങ്ങില്‍ 771 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ശുഭം പുംദീര്‍(165), അബിദ് മുഷ്താഖ്(177), കന്‍ഹയ വധവന്‍(110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒടുക്കം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.

കരുത്തരെ കീഴടക്കി മുന്നേറ്റം

ക്വാര്‍ട്ടറില്‍ മധ്യപ്രദേശായിരുന്നു എതിരാളികള്‍. എന്നാല്‍ പരാസിന്റെയും സംഘത്തിന്റെയും കുതിപ്പ് തടയാന്‍ മധ്യപ്രദേശിനുമായില്ല. 56 റണ്‍സ് ജയത്തോടെയാണ് ജമ്മു മധ്യപ്രദേശ് കടമ്പ മറികടന്നത്. ആദ്യ ഇന്നിങ്സില്‍ 194 റണ്‍സിന് കൂടാരം കയറിയെങ്കിലും അതേനാണയത്തില്‍ ജമ്മു മറുപടി നല്‍കി. ആഖിബ് നബി ഏഴുവിക്കറ്റോടെ കത്തിക്കയറിയപ്പോള്‍ 152 റണ്‍സിന് മധ്യപ്രദേശ് ഇന്നിങ്സ് അവസാനിച്ചു. രണ്ടാമിന്നിങ്സിലാകട്ടെ 248 റണ്‍സാണ് കശ്മീര്‍ അടിച്ചെടുത്തത്. 290 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ ഒന്നാമിന്നിങ്സിന് സമാനമായി ആഖിബ് നബി അഞ്ചുവിക്കറ്റുമായി ജമ്മുവിന്റെ രക്ഷക്കെത്തി. 234 റണ്‍സെടുക്കാനേ മധ്യപ്രദേശിനായുള്ളൂ. അതോടെ സെമിയിലേക്ക്.

സൂപ്പര്‍ താരം മുഹമ്മദ് ഷമിയും ആകാശ്ദീപും അഭിമന്യു ഈശ്വരനും അടങ്ങുന്ന കരുത്തുറ്റ ബംഗാള്‍ നിരയായിരുന്നു സെമിയില്‍ ജമ്മുവിനെ കാത്തിരുന്നത്. ആഖിബ് അഞ്ചുവിക്കറ്റെടുത്തെങ്കിലും ഒന്നാമിന്നിങ്സില്‍ ബംഗാള്‍ 328 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ കിടിലന്‍ സ്പെല്ലുകളായിരുന്നു. ഷമി എട്ടുവിക്കറ്റോടെ ഉജ്ജ്വല ബൗളിങ് കാഴ്ചവെച്ചതോടെ ജമ്മു പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെയും(58) അബ്ദുള്‍ സമദിന്റേയും(82) ഇന്നിങ്സ് ഒടുക്കം ടീമിനെ 302 ലെത്തിച്ചു. എന്നാല്‍ നിര്‍ണായകമായ ഒന്നാമിന്നിങ്സ് ലീഡ് ജമ്മുവിന് നഷ്ടമായി. ഷമിയുടെ പ്രകടനത്തില്‍ 26 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയിലായാല്‍ ബംഗാള്‍ ഫൈനലില്‍ കടക്കുമെന്ന സ്ഥിതി. പക്ഷേ രണ്ടാമിന്നിങ്സില്‍ കളി മാറി. ആഖിബും സുനില്‍ കുമാറുമടക്കം ജമ്മു ബൗളര്‍മാര്‍ ബംഗാളിനെ വിറപ്പിച്ചപ്പോള്‍ വെറും 99 റണ്‍സിന് ടീം ഓള്‍ഔട്ടായി. ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജമ്മു മറികടന്നു. അതോടെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇതാദ്യമായി ജമ്മു കശ്മീര്‍ ഫൈനലില്‍ പ്രവേശിച്ചു.

രഞ്ജി ക്രിക്കറ്റില്‍ ഫൈനലിലെത്തുന്ന 17-ാമത്തെ ടീമായിരുന്നു കശ്മീര്‍. മുന്‍ ജേതാക്കളെയുള്‍പ്പെടെ തകര്‍ത്താണ് ജമ്മു കലാശപ്പോരിലേക്ക് കുതിച്ചത്. സെമിയില്‍ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയതിന് ശേഷം ഫൈനലിലെത്തുന്ന ചരിത്രത്തിലെ നാലാമത്തെ ടീം മാത്രമാണ് ദോഗ്രയും സംഘവും. മാത്രമല്ല, ഹിമാലയന്‍ മേഖലയില്‍ നിന്ന് ഫൈനല്‍ ടിക്കറ്റെടുക്കുന്ന ആദ്യ ടീമും. അങ്ങനെ റെക്കോഡുകള്‍ കടപുഴക്കിയാണ് കശ്മീര്‍ കെഎസ്സിഎ ഹുബ്ലി ക്രിക്കറ്റ് മൈതാനത്ത് കിരീടപ്പോരിനിറങ്ങിയത്. കിരീടപ്പോരിലും ആധിപത്യം ആവര്‍ത്തിച്ച ജമ്മു കര്‍ണാടകയ്ക്ക് ഒരവസരവും നല്‍കിയില്ല. 291 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ജമ്മു ആ ലീഡിന്‍രെ ബലത്തിലാണ് ജയിച്ചുകയറിയത്.

ക്യാപ്റ്റന്‍ പരാസ് ദോഗ്രയുടെയും പേസര്‍ ആഖിബ് നബിയുടെയും പ്രകടനങ്ങളാണ് ജമ്മുവിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍. ക്യാപ്റ്റന്റെ ഇന്നിങ്സാണ് ജമ്മുവിനെ പല മത്സരങ്ങളിലും തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. രഞ്ജി ട്രോഫിയില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും ദോഗ്ര സ്വന്തമാക്കി. 147 ഇന്നിങ്സുകളില്‍ നിന്നാണ് ജമ്മു ക്യാപ്റ്റന്‍ പതിനായിരം റണ്‍സിലേക്കെത്തിയത്. വസിം ജാഫറിന്റെ റെക്കോഡാണ് താരം മറികടന്നത്. വസിം ജാഫര്‍ 196 ഇന്നിങ്സുകളില്‍ നിന്നാണ് 10,000 റണ്‍സെടുത്തത്. ഒരു സീസണില്‍ അമ്പതിലധികം വിക്കറ്റുകള്‍ നേടുന്ന ആദ്യ ജമ്മു ബൗളറായി ആഖിബ് നബിയും മാറി. സെമിയിലെ ഒന്‍പത് വിക്കറ്റ് പ്രകടനത്തോടെയാണ് അമ്പത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഫൈനലിലെ പ്രകടനം നേട്ടം അറുപതാക്കി മാറ്റി. 2026ലെ ഒരു താരത്തിന്റെ ഉയര്‍ന്ന വിക്കറ്റ് നേട്ടവുമാണിത്.

Tags:    

Similar News