നിര്‍ണായക മത്സരത്തില്‍ ലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്; പല്ലേക്കല്ലെയില്‍ പവര്‍പ്ലേയില്‍ സൂപ്പര്‍ പവറായി ഫര്‍ഹാനും ഫഖര്‍ സമാനും; സെമി ഉറപ്പിക്കാന്‍ 65 റണ്‍സ് ജയം അനിവാര്യം; കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്താന്‍ സല്‍മാന്‍ ആഗയും സംഘവും

Update: 2026-02-28 14:13 GMT

കൊളംബോ: സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരേ പാക്കിസ്ഥാന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് ചെയ്യുന്ന പാക്കിസ്ഥാന്‍ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സാണ് അടിച്ചുകൂട്ടിയത്. പല്ലേക്കല്ലെയില്‍ സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 78 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍. ഗ്രൂപ്പില്‍ മൂന്നാമതുള്ള പാക്കിസ്ഥാന് സെമിയിലേക്ക് കയറാന്‍ ലങ്കയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തണം. കുറഞ്ഞത് 65 റണ്‍സിനെങ്കിലും പാക്കിസ്ഥാന് ജയിച്ചേ മതിയാകൂ.

ബാബര്‍ അസം, സയിം അയൂബ്, സല്‍മാന്‍ മിര്‍സ എന്നിവര്‍ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാര്‍ അഹമ്മദ് എന്നിവരാണ് ടീമില്‍. കഴിഞ്ഞ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാല്‍ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോല്‍വിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റാണുള്ളത്. അവസാനമത്സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. മികച്ച റണ്‍റേറ്റുള്ളവര്‍ സെമിയിലെത്തും. ലങ്കയ്ക്കെതിരേ 65 റണ്‍സ് ജയമോ അല്ലെങ്കില്‍ 13 ഓവറിനുള്ളില്‍ ചേസ് പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ പാക്കിസ്ഥാന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാം. ആദ്യം ബാറ്റ് ചെയ്യുന്നതിനാല്‍ ടീമിന് 65 റണ്‍സിന് ജയിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പുറത്താകും.

ശ്രീലങ്ക പ്ലേയിങ് ഇലവന്‍: പത്തും നിസ്സങ്ക, കമില്‍ മിഷാര (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, പവന്‍ രത്‌നായകെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക.

പാകിസ്താന്‍ പ്ലേയിങ് ഇലവന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആ?ഗ (ക്യാപ്റ്റന്‍), ഖവാജ നഫായ്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്.

Similar News