സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമ്പൂർണ ആധിപത്യം;വോൾവ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി; പ്രീമിയര്‍ ലീഗില്‍ 'ബ്ലൂസ്' രണ്ടാമത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവ്‌സിനെതിരെ മിന്നും ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി ചെല്‍സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് വെറും ആറ് പോയിന്റ് പിന്നിലാണ് ചെൽസി.
രണ്ടാം പകുതിയിലാണ് ചെൽസിയുടെ ഗോളുകൾ പിറന്നത്. ഫ്രഞ്ച് ഡിഫൻഡർ മാലോ ഗുസ്തോയാണ് ചെൽസിക്കായി ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 51-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ലിയോൺ ക്ലബ്ബിൽ നിന്ന് ചെൽസിയിലെത്തി 98 മത്സരങ്ങൾ പിന്നിടുമ്പോഴാണ് അത്തരം ആദ്യത്തെ ഗോൾ നേടിയത്. അലെജാൻഡ്രോ ഗാർനാച്ചോയുടെ ക്രോസിൽ തലവെച്ചാണ് ഗസ്റ്റോ ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാകാത്തതിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ആരാധകർ നിരാശരായിരുന്നു. ജോവോ പെഡ്രോയും, നെറ്റോയും ലക്ഷ്യം കണ്ടതോടെ ചെൽസിക്ക് വിജയം അനായാസമായി.
65-ാം മിനിറ്റിൽ ജോവോ പെഡ്രോ ചെൽസിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ബ്രസീലിയൻ താരം എസ്റ്റെവാവോ പ്രതിരോധത്തെ മറികടന്ന് നൽകിയ പാസ് സ്വീകരിച്ചാണ് ജോവോ പെഡ്രോ ഷോട്ടുതിർത്തത്. തന്റെ മുൻ ക്ലബ്ബിനെതിരെയാണ് പെഡ്രോ നെറ്റോ ഈ ഗോൾ നേടിയത്. 73-ാം മിനിറ്റിൽ ഗാർനാച്ചോയുടെ മനോഹരമായ ക്രോസ് ഗോളാക്കി നെറ്റോ ടീമിന്റെ വിജയം പൂർത്തിയാക്കി.
മത്സരത്തിലുടനീളം ചെൽസി ആധിപത്യം പുലർത്തി. 18 ഷോട്ടുകൾ ഉതിർക്കുകയും അതിൽ ഏഴ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. വോൾവ്‌സിന് വെറും മൂന്ന് ഷോട്ടുകളാണ് നേടാനായത്. മത്സരത്തിന്റെ അവസാന നിമിഷം വരെയും ചെൽസി ആക്രമിച്ച് കളിച്ചു. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ മാർക്ക് ഗ്യുയിക്കും പെഡ്രോ നെറ്റോക്കും കൂടുതൽ ഗോളുകൾ നേടാൻ അവസരം മുതലെടുക്കാനായില്ല.
വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് നേടിയ ചെൽസി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിന് പിന്നിൽ ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കഴിഞ്ഞയാഴ്ച പരിശീലകൻ വിറ്റർ പെരേരയെ പുറത്താക്കിയതിന് ശേഷം അണ്ടർ-21 കോച്ച് ജെയിംസ് കോളിൻസ് പരിശീലിപ്പിക്കുന്ന വോൾവ്‌സ്, സീസണിലെ ഏറ്റവും മോശം തുടക്കത്തോടെ രണ്ട് പോയിന്റുകളുമായി പട്ടികയിൽ ഏറ്റവും താഴെയാണ്. ഈ സീസണിൽ അവർക്ക് ഇതുവരെ ഒരു വിജയവും നേടാൻ കഴിഞ്ഞിട്ടില്ല.