ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി 2 ടയര്‍ സംവിധാനം; ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും; മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടും: രൂപമാറ്റത്തിന് മുന്‍കൈ എടുത്ത് ജയ് ഷാ
ഐസിസിയുടെ ചെയര്‍മാനായി ജയ് ഷാ എത്തുമ്പോള്‍ ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാന്‍ സാധിക്കില്ല. ബിസിസിഐ പ്രസിഡന്റായിരുന്ന സമയത്ത് ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് ജയ് ഷാ. അതുപോലെ അന്താരാഷ്ട്ര ക്രിക്കറ്റിലും മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുകയാണ് ജയ് ഷാ.
ഇതിന്റെ ആദ്യ പടിയായി ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെയാണ് മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ 2-ടയര്‍ സംവിധാനം നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. ഓസ്ട്രേലിയന്‍ മാധ്യമങ്ങളാണ് ഇത്തരമൊരുനീക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ചകളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയ് ഷാ ആണ് ഈ നീക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, അയര്‍ലന്‍ഡ്, സിംബാബ്വെ തുടങ്ങിയ മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഫോര്‍മാറ്റ്.
ഈ ഫോര്‍മാറ്റില്‍ ടോപ്പ്-ടയര്‍ ടീമുകള്‍ പരസ്പരം മത്സരിക്കുന്നതിനൊപ്പം ലോവര്‍-ടയര്‍ ടീമുകള്‍ അവരുടെ ഡിവിഷനില്‍ മാത്രവും ഏറ്റുമുട്ടും. മത്സര ഫലങ്ങള്‍ക്കനുസരിച്ച് ടീമുകളെ രണ്ട് തലങ്ങളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തേക്കുമെന്നാണ് പ്രാഥമിക വിവരം.
ടു ടയര്‍ ടെസ്റ്റ് ഫോര്‍മാറ്റ് എന്ന ആശയം 2016 ല്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ചെറിയ ടീമുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഇതിനോട് വിയോജിക്കുകയുണ്ടായി. 2-ടയര്‍ ഘടന ചെറിയ ടീമുകളെ പാര്‍ശ്വവത്കരിക്കുമെന്നും ക്രിക്കറ്റിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്നില്ലെന്നും അന്ന് ഠാക്കൂര്‍ പറഞ്ഞിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ മൈക് ബെയര്‍ഡുമായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റിച്ചാര്‍ഡ് തോംപ്സണുമായും ജയ് ഷാ ടു-ടയര്‍ സംവിധാനം സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായതാണ് പുതിയ നീക്കങ്ങള്‍ക്ക് ചൂടുപകര്‍ന്നരിക്കുന്നത്.