'നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് സഞ്ജുവിനും അഭിഷേകിനും ഭാവിയില്‍ ഖേദിക്കേണ്ടിവരും'; ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാകാത്ത ഇരുതാരങ്ങള്‍ക്കും മുന്നറിയിപ്പുമായി ആകാശ് ചോപ്ര
നല്ല തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വെറുതെ വലിച്ചെറിയുന്നത് അത്ര നല്ല ശീലമല്ല
ന്യൂഡല്‍ഹി: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഓപ്പണര്‍മാരായി അവസരം ലഭിച്ചിട്ടും വലിയ സ്‌കോര്‍ നേടാനാവാതിരുന്ന മലയാളി താരം സഞ്ജു സാംസണും യുവതാരം അഭിഷേക് ശര്‍മക്കും ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലഭിച്ച ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോര്‍ത്ത് ഇരുവരും ഖേദിക്കേണ്ടി വരുമെന്നാണ് ചോപ്ര പറഞ്ഞത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും ഇരുവര്‍ക്കും അതു മുതലാക്കാനാകാതെ പോയ സാഹചര്യത്തിലാണ് ചോപ്രയുടെ പ്രതികരണം.
യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവര്‍ തിരിച്ചെത്തുന്നതോടെ ഇവരുടെ ടീമിലെ സ്ഥാനം തുലാസിലാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. അഭിഷേക് ആദ്യ മത്സരത്തില്‍ സഞ്ജുവുമായുള്ള ധാരണപ്പിശകില്‍ 7 പന്തില്‍ 16 റണ്‍സെടുത്ത് റണ്ണൗട്ടായപ്പോള്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ട്വന്റി20യില്‍ ഇരട്ട ബൗണ്ടറികളുമായി തുടക്കമിട്ട സഞ്ജു ഏഴു പന്തില്‍നിന്ന് 10 റണ്‍സെടുത്ത് പുറത്തായിരുന്നു. തുടര്‍ ബൗണ്ടറികളുമായി മിന്നുന്ന തുടക്കം കുറിച്ച അഭിഷേക് ശര്‍മ 15 റണ്‍സെടുത്തും പുറത്തായി.
ഇരുവര്‍ക്കും തിളങ്ങാനായില്ലെങ്കിലും അര്‍ധസെഞ്ചറി നേടിയ നിതീഷ് റെഡ്ഡി (74), റിങ്കു സിങ് (53) തുടങ്ങിയവരുടെ മികവില്‍ ഇന്ത്യ ബംഗ്ലദേശിനെതിരെ ട്വന്റി20 ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 കളിച്ച നിതീഷ് റെഡ്ഡി പോലും അര്‍ധസെഞ്ചറിയും 2 വിക്കറ്റുമായി തിളങ്ങുമ്പോള്‍, സഞ്ജുവിന്റെയും അഭിഷേകിന്റെയും ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.
നല്ല തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വെറുതെ വലിച്ചെറിയുന്നത് അത്ര നല്ല ശീലമല്ല. നല്ലതുടക്കങ്ങള്‍ വലിയ സ്‌കോറാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. ബംഗ്ലാദേശിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ യശസ്വി ജയ്‌സ്വാളും റുതുരുാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലുമെല്ലാം തിരിച്ചെത്തില്ലെന്ന് ആര് കണ്ടു. ഇവര്‍ക്ക് പുറമെ ഇഷാന്‍ കിഷനും വൈകാതെ സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടി തുടങ്ങും. ഇതോടെ ഓപ്പണര്‍മാരായി അഞ്ച് പേരാകും ടീമില്‍.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെയും അഭിഷേകിനെയും വീണ്ടും പരിഗണിക്കണമെങ്കില്‍ ബംഗ്ലാദേശിനെതിരെ കിട്ടിയ അവസരത്തില്‍ വലിയൊരു സ്‌കോര്‍ നേടണമായിരുന്നു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞുപോയി. ഇനിയൊരവസരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യ രണ്ട് കളിയിലും നിങ്ങള്‍ക്ക് ടീമിനായി കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ക്രീസിലെത്തുമ്പോള്‍ 20 ഓവര്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. അത് പരമാവധി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. ഇല്ലെങ്കില്‍ ഭാവിയില്‍ നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് ദു:ഖിക്കേണ്ടിവരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
''എന്റെ അവസാനത്തെ വിഷയം ഓപ്പണര്‍മാരാണ്. അഭിഷേക് ശര്‍മയാണ് ഒരാള്‍. സഞ്ജു സാംസണും ഒപ്പമുണ്ട്. രണ്ട് നിര്‍ണായക മത്സരങ്ങള്‍ പിന്നിട്ടെങ്കിലും ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല എന്നത് കഠിനമായ ഒരു യാഥാര്‍ഥ്യമാണ്. ഓപ്പണര്‍മാരെന്ന നിലയില്‍ നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാഹചര്യമുള്ളവരാണ് രണ്ടുപേരും.'
''ദക്ഷിണാഫ്രിക്കന്‍ പര്യടനം വരുമ്പോഴേയ്ക്കും യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരേക്കൂടി സിലക്ടര്‍മാര്‍ പരിഗണിക്കും. സഞ്ജുവും അഭിഷേകും ഓപ്പണിങ് സ്ലോട്ടിലേക്ക് അവകാശവാദമുന്നയിക്കുന്നവരാണ്. ഈ പറയുന്ന മൂന്നു പേരും അതേ സ്ഥാനത്തിനായി മത്സരിക്കുന്നവരും. ഇവര്‍ക്കു പുറമേ ഇഷാന്‍ കിഷനേപ്പോലുള്ള താരങ്ങള്‍ വേറെയും. ഇത്തരമൊരു സാഹചര്യം വരുമ്പോള്‍ പാഴാക്കിയ ഈ അവസരങ്ങളെയോര്‍ത്ത് ഇരുവരും ഖേദിക്കേണ്ടി വരുമെന്ന് തീര്‍ച്ച' ചോപ്ര പറഞ്ഞു.
''രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. സഞ്ജവും അഭിഷേകും കുറച്ചധികം സമയം അവര്‍ക്കായി കണ്ടെത്തേണ്ടി വരും. മികച്ചൊരു സ്‌കോര്‍ കണ്ടെത്താനായാല്‍ പ്രതീക്ഷ കൈവിടേണ്ടി വരില്ല. അതാണ് എന്റെ അഭിപ്രായം. സഞ്ജുവിന്റെയും അഭിഷേകിന്റെയും കാര്യം ഇതു തന്നെ. ഇരുവര്‍ക്കും ഓപ്പണര്‍മാരായാണ് അവസരം കിട്ടുന്നത്. മുന്നിലുള്ള 20 ഓവറും വേണമെങ്കില്‍ ബാറ്റു ചെയ്യാം' ചോപ്ര ചൂണ്ടിക്കാട്ടി.