അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലക സ്ഥാനത്തേക്ക്; ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരക്കാരനായി എത്തുന്നത് മുൻ ഇന്ത്യൻ ടീം സഹപരിശീലകൻ

Update: 2025-10-26 12:05 GMT

കൊൽക്കത്ത: ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) പുതിയ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ടീം സഹപരിശീലകനായ അഭിഷേക് നായർ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരക്കാരനായാണ് നായരുടെ തിരിച്ചുവരവ്. നേരത്തെ കെകെആറിൽ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്കൗട്ടായും അഭിഷേക് നായർ പ്രവർത്തിച്ചിട്ടുണ്ട്.

റിങ്കു സിങ്, ഹർഷിത റാണ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിൽ അഭിഷേക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പല താരങ്ങളെയും ഫോമിലേക്ക് തിരിച്ചെത്തിക്കുന്നതിലും നായരുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. രോഹിത് ശർമ, ദിനേഷ് കാർത്തിക് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിചയം അഭിഷേകിനുണ്ട്. ഇന്ത്യൻ ടീം മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റപ്പോൾ അഭിഷേക് നായർ അസിസ്റ്റന്റ് കോച്ചായിരുന്നു.

എന്നാൽ, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരായ പരമ്പരകളിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കി. തുടർന്ന്, വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിന്റെ മുഖ്യ പരിശീലകനായി നായർ ചുമതലയേറ്റെങ്കിലും ടീമിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. അതിനുശേഷം രോഹിത് ശർമ, കെഎൽ രാഹുൽ തുടങ്ങിയ കളിക്കാർക്ക് ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. സമീപകാലത്ത് കെഎൽ രാഹുൽ മൂന്നു ഫോർമാറ്റുകളിലും സ്ഥിരത പുലർത്തുന്നതിന് പിന്നിൽ അഭിഷേകുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും പറയപ്പെടുന്നു.

Tags:    

Similar News