സ്പിൻ കെണിയിൽ വീണ് ദക്ഷിണാഫ്രിക്ക; രണ്ടക്കം കണ്ടത് മൂന്ന് ബാറ്റർമാർ; വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ 97 റൺസിന് ഓൾഔട്ട്; അലാന കിംഗിന് ഏഴ് വിക്കറ്റ്
ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 24 ഓവറിൽ 97 റൺസിന് ഓൾഔട്ട് ആയി. ഓസ്‌ട്രേലിയൻ സ്പിന്നർ അലാന കിംഗിന്റെ മികച്ച ബൗളിംഗാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ഏഴ് വിക്കറ്റുകളാണ് കിംഗ് വീഴ്ത്തിയത്.
31 റൺസെടുത്ത ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. സിനാലോ ജാഫ്ത (29), നദീൻ ഡി ക്ലാർക്ക് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 60 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഏഴ് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് കിംഗ് ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയത്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമാണിത്.
മേഗൻ ഷട്ട്, കിം ഗാർത്, അഷ്‌ലി ഗാർഡ്‌നർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ടസ്മിൻ ബ്രിട്‌സ് (6), സുനെ ലുസ് (6), അന്നേരി ഡെർക്‌സെൻ (5), മാരിസാനെ കാപ്പ് (0), ക്ലോ ട്രൈയോൺ (0), മസബാത ക്ലാസ് (4), അയബോംഗ ഖാക (0) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. നോൺകുലുലേകോ മ്ലാബ (1) പുറത്താകാതെ നിന്നു.