രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ രണ്ടാം ദിനം ജയിച്ച് കയറി ഓസ്‌ട്രേലിയ; പെർത്തിൽ സ്റ്റാർക്കിന് പത്ത് വിക്കറ്റ്; ആഷസിൽ കങ്കാരുപ്പടയ്ക്ക് മേൽക്കൈ
പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. പേസർ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച ബൗളിംഗും, രണ്ടാം ഇന്നിംഗ്‌സിൽ ട്രാവിസ് ഹെഡ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗുമാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടുമായി നടന്ന ആദ്യ ടെസ്റ്റ് മത്സരം വെറും രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ചതിരിഞ്ഞപ്പോൾ തന്നെ ഓസ്‌ട്രേലിയ 205 റൺസിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.
മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ നിമിഷങ്ങൾക്ക് ഓപ്റ്റസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മിച്ചൽ സ്റ്റാർക്കിന്റെ പേസിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 32.5 ഓവറിൽ കേവലം 172 റൺസിന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. 7 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹാരി ബ്രൂക്ക് (52), ഒലി പോപ്പ് (46) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ 123 റൺസെടുക്കുന്നതിനിടെ അവർക്ക് 9 വിക്കറ്റുകൾ നഷ്ടമായിരുന്നു. 23 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് ഓസീസ് നിരയെ വരിഞ്ഞുകെട്ടി. ഇതോടെ, ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു 49 റൺസിന്റെ നിർണായക ലീഡ്.
രണ്ടാം ദിവസം ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 132 റൺസിന് അവസാനിച്ചു. ഇതോടെ ഇംഗ്ലണ്ടിന് 40 റൺസിന്റെ ലീഡ് ലഭിച്ചു. 40 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ ശക്തമായ നിലയിലായിരുന്നു. ഓപ്പണർ ബെൻ ഡക്കറ്റും (28), ഒലി പോപ്പും (33) ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ച്വറിക്ക് അടുത്ത ലീഡ് (99 റൺസ്) നേടി. എന്നാൽ ഉച്ചഭക്ഷണത്തിനു ശേഷം ഓസ്ട്രേലിയൻ ബൗളർമാർ കളി മാറ്റിയെഴുതി. 65/1 എന്ന ശക്തമായ നിലയിൽ നിന്ന് ഇംഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടായി തകർന്നു. സ്കോട്ട് ബോളണ്ട് 4/33, സ്റ്റാർക്ക് 3/55 എന്നിങ്ങനെ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞു. ഇതോടെ ഓസ്‌ട്രേലിയക്ക് 205 റൺസിന്റെ വിജയലക്ഷ്യം ലഭിച്ചു.
ചേസിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ട്രെവിസ് ഹെഡ് ക്രീസിലെത്തിയത് മുതൽ ഇംഗ്ലീഷ് ബൗളർമാർക്കെതിരെ ആഞ്ഞടിച്ചു. ഏകദിന ശൈലിയിൽ ബാറ്റുചെയ്ത ഹെഡ് വെറും 69 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ചു. 83 പന്തിൽ നിന്ന് 123 റൺസെടുത്താണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തിൽ 13 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടുന്നു.
ഹെഡിന് മികച്ച പിന്തുണ നൽകിയ മാർനസ് ലബുഷെയ്ൻ 51 റൺസുമായി പുറത്താവാതെ നിന്നു. ലബുഷെയ്‌നും നായകൻ സ്റ്റീവൻ സ്മിത്തും (2*) ചേർന്ന് കേവലം 28.2 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. ഓസ്‌ട്രേലിയ 205 റൺസിന്റെ ലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. മത്സരത്തിൽ മൊത്തം 10 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, ബാറ്റിംഗിൽ കൊടുങ്കാറ്റായ ട്രെവിസ് ഹെഡ് എന്നിവർ ഓസ്‌ട്രേലിയയുടെ വിജയശിൽപ്പികളായി.
