നാലുവര്‍ഷത്തെ പ്രണയം; ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നറും കൂട്ടുകാരി മോണിക്കയും വിവാഹിതരായി; ചടങ്ങില്‍ പങ്കെടുത്ത് അലീസ ഹീലി അടക്കമുള്ള സഹതാരങ്ങള്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നറും കൂട്ടുകാരി മോണിക്കയും വിവാഹിതരായി

Update: 2025-04-09 06:35 GMT

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റനുമായ ആഷ്ലി ഗാര്‍ഡ്നര്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ മോണിക്ക റൈറ്റാണ് പങ്കാളി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

ക്രിക്കറ്റ് സഹതാരങ്ങലായ അലിസ ഹീലി, എലിസ് പെറി, കിം ഗാര്‍ത്ത് എന്നിവര്‍ പങ്കെടുത്തു. മോണിക്കയ്ക്കൊപ്പമുള്ള ചിത്രം ആഷ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹ വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്ന ചിത്രത്തിന് 'മിസിസ് ആന്‍ഡ് മിസിസ് ഗാര്‍ഡ്നര്‍'എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കമന്റ് ബോക്സില്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

ഇരുവരും 2021 മുതല്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇരുവരുടെയും എന്‍ഗേജ്മെന്റ് കഴിഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആഷ്ലി ഇടയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഓസ്ട്രേലിയക്കായി 2017-ല്‍ അരങ്ങേറ്റം കുറിച്ച ആഷ്ലി, 77 ഏകദിനങ്ങളും 96 ടി20 മത്സരങ്ങളും ഏഴു ടെസ്റ്റും കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2023 ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആഷ്‌ലിയുടെ നേതൃത്വത്തില്‍ വനിതാ ലീഗിന്റെ എലിമിനേറ്റര്‍ ഘട്ടം വരെ ഗുജറാത്ത് എത്തിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനോടു തോറ്റാണ് ഗുജറാത്ത് നോക്കൗട്ടില്‍ പുറത്താകുന്നത്.

Tags:    

Similar News