രോഹിതും കോലിയും അശ്വിനും കൂടുതല്‍ ആദരവര്‍ഹിക്കുന്നു; അവര്‍ക്കായി യാത്രയയപ്പ് ടെസ്റ്റ് നടത്തണം; ബി.സി.സി.ഐക്ക് മുന്നില്‍ അഭ്യര്‍ഥനയുമായി ഇംഗ്ലീഷ് താരം

രോഹിതും കോലിയും അശ്വിനും കൂടുതല്‍ ആദരവര്‍ഹിക്കുന്നു

Update: 2026-01-03 05:23 GMT

മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം കാലം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങളായി കളംവാണശേഷം അപ്രതീക്ഷിത വിടവാങ്ങല്‍ പ്രഖ്യാപിച്ച് അരങ്ങൊഴിഞ്ഞ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ ത്രിമൂര്‍ത്തികള്‍ക്കായി ബി.സി.സി.ഐയോട് അഭ്യര്‍ത്ഥനയുമായി മുന്‍ ഇംഗ്ലീഷ് താരം. മൂവരും കൂടുതല്‍ ആദരവ് അര്‍ഹിക്കുന്നവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് പൂര്‍ണമായും മതിയാക്കും മുമ്പേ അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് ബി.സി.സി.ഐ നല്‍കണം -മുന്‍ഇംഗ്ലീഷ് സ്പിന്‍ ബൗളര്‍ മോണ്ടി പനേസര്‍ പറഞ്ഞു.

മൂന്ന് പ്രമുഖ താരങ്ങളുടെ കരിയര്‍ ആഘോഷിക്കേണ്ട അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇംഗ്ലീഷ് മാതൃകയില്‍ വിരമിക്കുന്ന താരങ്ങള്‍ക്ക് യാത്രയയപ്പ് മത്സരം അര്‍ഹിക്കുന്നുണ്ട്. ദീര്‍ഘകാലം രാജ്യത്തിനും സ്‌പോര്‍ട്‌സിനും വേണ്ടി അവര്‍ സമര്‍പ്പിച്ച കരിയറിനുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് യാത്രയയപ്പ് മത്സരം -വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മോണ്ടി പനേസര്‍ പറഞ്ഞു.

'അശ്വിനും, രോഹിത് ശര്‍മക്കും, വിരാട് കോഹ്‌ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവര്‍ അത്തരമൊരു ആദരവ് അര്‍ഹിക്കുന്നു. സ്റ്റുവര്‍ട്ട് ബ്രോഡും, ജെയിംസ് ആന്‍ഡേഴ്‌സണും ഉള്‍പ്പെടെ താരങ്ങള്‍ വിരമിക്കുമ്പോള്‍ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ചായിരുന്നു അവര്‍ക്ക് ആദരവ് അര്‍പ്പിച്ചത്. എന്നാല്‍, ഇന്ത്യ അതില്‍ വീഴ്ചവരുത്തുന്നു' -പനേസര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024 ഡിസംബറില്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ആര്‍. അശ്വിനും വിരമിക്കല്‍ പ്രഖ്യാപിച്ച് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ ആരാധകരുടെ പ്രിയ താരങ്ങളായി കളംവാണ മൂവരുടെയും അപ്രതീക്ഷിത വിരമിക്കല്‍ ആരാധകര്‍ക്കിടയിലും നിരാശ സൃഷ്ടിച്ചിരുന്നു.

14 വര്‍ഷം ടെസ്റ്റ് കളിച്ച കോലി 123 മത്സരങ്ങളില്‍ നിന്നായി 9230 റണ്‍സും നേടി. 30 സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് കരിയര്‍. 67 ടെസ്റ്റ് മത്സരം കളിച്ച രോഹിത് ശര്‍മ 4031റണ്‍സ് നേടി. 12 സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. 106 ടെസ്റ്റ് മത്സരത്തില്‍ നിന്നും 537 വിക്കറ്റ് നേടിയ ആര്‍. അശ്വിന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് പടിയിറങ്ങിയത്. രോഹിതും കോലിയും ട്വന്റി20യും ടെസ്റ്റും അവസാനിപ്പിച്ചുവെങ്കിലും ഏകദിനത്തില്‍ തുടരുന്നുണ്ട്. അതേസമയം, അശ്വിന്‍ എല്ലാ ഫോര്‍മാറ്റും അവസാനിപ്പിച്ചു.

Tags:    

Similar News