ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്ന് യു.എ.ഇയില്‍ തുടക്കം; ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ ഹോങ്കോങ്; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍
ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്ന് യു.എ.ഇയില്‍ തുടക്കം
ദുബായ്: ഏഷ്യന്‍ വന്‍കരയിലെ ക്രിക്കറ്റ് സുല്‍ത്താന്മാരെ തീരുമാനിക്കുന്ന ഏഷ്യ കപ്പ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ചൊവ്വാഴ്ച മുതല്‍ യു.എ.ഇയിലെ ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ഐ.സി.സി ടൂര്‍ണമെന്റുകള്‍ പോലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം സമ്മാനിക്കാറുണ്ട്. ഇക്കുറി ട്വന്റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും അയല്‍ക്കാരായ പാക്കിസ്താനും ശ്രീലങ്കയുമടക്കം പ്രമുഖ ടീമുകള്‍ കിരീടം തേടിയിറങ്ങും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടിന് അബൂദബി ശെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനും ഹോങ്കോങ്ങും ഏറ്റുമുട്ടും.
ഇന്ത്യയും പാകിസ്താനും ഗ്രൂപ് എയിലാണ്. ബുധനാഴ്ച ആതിഥേയരായ യു.എ.ഇക്കെതിരെ സൂര്യകുമാര്‍ യാദവും സംഘവും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ കളിക്കിറങ്ങും. കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം സെപ്റ്റംബര്‍ 14ന് ദുബൈയില്‍ നടക്കും.
കഴിഞ്ഞ തവണ (2023) ഏകദിന ഫോര്‍മാറ്റിലായിരുന്നു. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പിച്ച് രോഹിത് ശര്‍മയുടെ ടീം കിരീടം നേടി. ഇന്ന് ദുര്‍ബലരായ ഹോങ്കോങ്ങിനെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അട്ടിമറി വീരന്മാരായി പേരെടുത്ത ടീമാണ്. ശ്രീലങ്കയും ബംഗ്ലാദേശും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ് ബിയില്‍നിന്ന് മുന്നേറി സൂപ്പര്‍ ഫോര്‍സിലെത്താമെന്ന പ്രതീക്ഷയിലാണ് റാഷിദ് ഖാനും സംഘവും. യാസിര്‍ മുര്‍ത്താസയുടെ നേതൃത്വത്തിലാണ് ഹോങ്കോങ് ഇറങ്ങുന്നത്.