ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപ്പന തുടങ്ങി; ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; മറ്റ് മത്സരങ്ങൾക്കും വൻ തിരക്ക്
ദുബായ്: യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആരാധകർക്ക് പ്ലാറ്റിനംലിസ്റ്റ്.നെറ്റ് (platinumlist.net) എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ സ്വന്തമാക്കാം.
നിലവിൽ, അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹം മുതലും (ഏകദേശം 960 രൂപ) ദുബായിലെ മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് (ഏകദേശം 1200 രൂപ) ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എന്നാൽ, ടൂർണമെൻ്റിലെ ഏറ്റവും ആകാംഷഭരിതമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. നിലവിൽ, ഏഴ് മത്സരങ്ങളുടെ പാക്കേജായി മാത്രമാണ് ഈ ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് 1,400 ദിർഹം മുതലാണ് (ഏകദേശം 33,613 രൂപ) നിരക്ക്.
ഈ പാക്കേജിലൂടെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തോടൊപ്പം യുഎഇയുടെ മത്സരവും, സൂപ്പർ ഫോറിലെ നാല് മത്സരങ്ങളും ഫൈനലും കാണാൻ സാധിക്കും. മറ്റ് മത്സരങ്ങൾക്ക് പ്രത്യേകം ടിക്കറ്റുകൾ പിന്നീട് ലഭ്യമാകും. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെൻ്റിലെ പ്രധാന മത്സരങ്ങൾക്ക് കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. നേരിട്ടുള്ള ടിക്കറ്റുകൾ ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിലെ ഓഫീസുകൾ വഴിയും ലഭ്യമാകും.