കനത്ത ചൂട്; ഏഷ്യാ കപ്പ് ടൂർണമെന്റിലെ മത്സരങ്ങളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം അറിയാം
ദുബായ്: കനത്ത ചൂട് കാരണം ഏഷ്യാ കപ്പ് 2025 ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങുന്ന സമയത്തിൽ മാറ്റം വരുത്തി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് (എ.സി.സി) ഈ തീരുമാനം അറിയിച്ചത്. പുതിയ സമയക്രമം അനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 6.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി) മത്സരങ്ങൾ ആരംഭിക്കും. ഇത് നിലവിലെ സമയത്തേക്കാൾ അര മണിക്കൂർ വൈകിയാണ്.
സെപ്റ്റംബർ 9ന് അഫ്ഗാനിസ്ഥാനും ഹോങ്കോംഗും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 10ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം സെപ്റ്റംബർ 19ന് ഒമാനെതിരെയാണ്.
നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം കളിക്കും. ഇതിൽ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ട്, ഇത്തവണ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് നടത്തുന്നത്. ഫൈനൽ മത്സരം സെപ്റ്റംബർ 28ന് നടക്കും.