''ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല''; പിന്നാലെ എങ്ങനെ കൈ കൊടുക്കാം എന്ന് കാണിക്കുന്ന വീഡിയോയും; ഹസ്തദാന വിവാദത്തിന് പിന്നാലെ പരിഹാസവുമായി ഓസീസ് താരങ്ങള്‍; വീഡിയോ ചര്‍ച്ചയായതോടെ നീക്കം ചെയ്തു

Update: 2025-10-15 07:47 GMT

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ജയം ആഘോഷിച്ച് കഴിഞ്ഞ ഇന്ത്യ, ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കെതിരെ വൈറ്റ്‌ബോള്‍ പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ പുതിയ വിവാദമാണ് ഉയരുന്നത്. ഓസീസ് താരങ്ങള്‍ ഇന്ത്യയുടെ ''ഹസ്തദാന വിവാദം'' പരിഹസിച്ചുള്ള ഒരു പ്രമോഷണല്‍ വീഡിയോ പുറത്തുവിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.

കായോ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ വീഡിയോയില്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഹേസല്‍വുഡ്, ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്, അലീസ ഹീലി, സോഫി മൊളിനെക്‌സ് എന്നിവരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. അവതാരകന്‍ ''ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല'' എന്ന് പരിഹാസത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് താരങ്ങള്‍ വീഡിയോയില്‍, വ്യത്യസ്തമായ രീതിയില്‍ എങ്ങനെ കൈ കൊടുക്കാം എന്ന് കാണിക്കുന്നു. ഇന്ത്യന്‍ ടീമിനെ നര്‍മ്മരൂപത്തില്‍ പരിഹസിച്ച ഈ അവതരണം ഇന്ത്യന്‍ ആരാധകര്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഈ വീഡിയോ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.

ഏഷ്യാ കപ്പിനിടെ പാകിസ്ഥാന്‍ താരങ്ങളോട് ഹസ്തദാനം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ വിവാദത്തിന്റെ തുടക്കം. മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനികളെ സമീപിക്കാതിരുന്നതായി ആരോപണമുണ്ടായിരുന്നു. അതിനൊപ്പം, കപ്പ് വിതരണം ചെയ്യാന്‍ എത്തിയ പി.സി.ബി ചെയര്‍മാനില്‍ നിന്ന് കപ്പ് ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറായില്ലെന്നതും ചര്‍ച്ചയായിരുന്നു. മത്സരം കഴിഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല.

ഇതിനിടെ, രോഹിത് ശര്‍മയും വിരാട് കൊഹ്ലിയും മടങ്ങിയെത്തുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്ക് അടുത്ത ആഴ്ച തുടക്കം കുറിക്കാനിരിക്കെ, ഈ വീഡിയോ വിവാദം രണ്ടുരാജ്യങ്ങളിലുമുള്ള ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ഓസീസ് താരങ്ങളുടെ സമീപനം മോശമായി എന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളും വിമര്‍ശിച്ചിട്ടുണ്ട്.

Tags:    

Similar News