ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്

Update: 2025-08-24 11:39 GMT

കെയ്ൻസ്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 276 റൺസിന് തകർത്ത് ഓസ്‌ട്രേലിയക്ക് ചരിത്ര വിജയം. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ 432 റൺസിൻ്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ മുന്നോട്ടുവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 155 റൺസ് മാത്രമാണ് നേടാനായത്. അഞ്ച് വിക്കറ്റ് നേടിയ കൂപ്പർ കൊണോലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ ചുരുട്ടി കെട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക 2-1ന് പരമ്പര സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഓപ്പണർ ട്രാവിസ് ഹെഡ് 103 പന്തിൽ 142 റൺസും, ക്യാപ്റ്റൻ മിച്ചൽ മാർഷ് 106 പന്തിൽ 100 റൺസും നേടി മികച്ച തുടക്കം നൽകി. തുടർന്നെത്തിയ കാമറൂൺ ഗ്രീൻ 55 പന്തിൽ 118 റൺസുമായി കന്നി ഏകദിന സെഞ്ചുറി നേടി സ്കോറിങ്ങിന് വേഗം കൂട്ടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് തുടക്കം മുതൽ പിഴച്ചു. 24.5 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. 28 പന്തിൽ 49 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും 30 പന്തിൽ 33 റൺസെടുത്ത ടോണി ഡി സോർസിയും മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ക്യാപ്റ്റൻ ടെംബാ ബാവുമ (19), എയ്ഡന്‍ മാര്‍ക്രം (2), ട്രിസ്റ്റൻ സ്റ്റബസ് (1) തുടങ്ങിയ പ്രമുഖർ നിരാശപ്പെടുത്തി. ഓസീസിനായി അരങ്ങേറ്റം കുറിച്ച ഇടംകൈയൻ സ്പിന്നർ കൂപ്പർ കൊണോലി 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതോടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്കായി ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇടംകൈയൻ സ്പിന്നറായി കൊണോലി മാറി.

റൺസ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. 2023-ൽ കൊൽക്കത്തയിൽ ഇന്ത്യയോട് 243 റൺസിന് തോറ്റ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. അതേസമയം, ഇത് ഓസ്‌ട്രേലിയയുടെ ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏറ്റവും വലിയ ജയവുമാണ്. തകർപ്പൻ ജയം നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായ അഞ്ചാം ഏകദിന പരമ്പരയും നേടാനായില്ലെന്ന നിരാശയോടെയാണ് ഓസ്‌ട്രേലിയ കളം വിട്ടത്.

Tags:    

Similar News