സെഞ്ചുറിയുമായി ശ്രേയസ് അയ്യരും പ്രിയാൻഷ് ആര്യയും; മൂന്ന് താരങ്ങൾക്ക് അർധ സെഞ്ചുറി; ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; കങ്കാരുപ്പടയ്ക്ക് ജയിക്കാൻ വേണ്ടത് 414 റൺസ്

Update: 2025-10-01 14:27 GMT

കാൺപൂർ: ഓസ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. ശ്രേയസ് അയ്യർ (110), പ്രിയാൻഷ് ആര്യ (101) എന്നിവരുടെ തകർപ്പൻ സെഞ്ചറികളുടെ പിൻബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് ആണ് ഇന്ത്യ എ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പ്രഭ്‌സിമ്രാൻ സിംഗ് (56), റിയാൻ പരാഗ് (67), ആയുഷ് ബദോനി (50) എന്നിവരും അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓസ്‌ട്രേലിയൻ നിരയിൽ വിൽ സതർലാണ്ട് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണിത്. മഴയെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്ത്യൻ ഇന്നിംഗ്‌സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും ചേർന്ന് ഒന്നാം വിക്കറ്റിൽ 135 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അതിവേഗത്തിൽ റൺസ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 21-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പ്രഭ്‌സിമ്രാനെ ടോം സ്ട്രാക്കെർ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ ശ്രേയസ് അയ്യർ, പ്രിയാൻഷിനൊപ്പം 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25-ാം ഓവറിൽ സെഞ്ചുറി നേടിയ ഉടൻ തന്നെ പ്രിയാൻഷ് ആര്യ മടങ്ങി. 84 പന്തുകളിൽ നിന്ന് അഞ്ച് സിക്സറുകളും 11 ഫോറുകളും ഉൾപ്പെടെയാണ് താരം 101 റൺസ് നേടിയത്.

നാലാമനായി ക്രീസിലെത്തിയ റിയാൻ പരാഗും തകർപ്പൻ പ്രകടനം പുറത്തെടുത്തു. വെറും 42 പന്തുകളിൽ നിന്ന് 67 റൺസ് നേടിയ പരാഗ്, ശ്രേയസ് അയ്യർക്കൊപ്പം 132 റൺസ് കൂട്ടിച്ചേർത്തു. അഞ്ച് വീതം സിക്സറുകളും ഫോറുകളും നിറഞ്ഞതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. പരാഗ് പുറത്തായതിന് പിന്നാലെ ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ 73 റൺസ് കൂടി ചേർത്തു. 47-ാം ഓവറിലാണ് ശ്രേയസ് അയ്യർ പുറത്തായത്. നാല് സിക്സറുകളും 12 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. അവസാന ഓവറിൽ ബദോനിയും മടങ്ങി. 27 പന്തുകളിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ഫോറുകളും നേടി താരം 50 റൺസ് തികച്ചു. തുടർന്നെത്തിയ സൂര്യൻഷ് ഷെഡ്ഗെ (0) ആദ്യ പന്തിൽ തന്നെ പുറത്തായി. നിശാന്ത് സിന്ധു (11), രവി ബിഷ്‌ണോയ് (1) എന്നിവർ പുറത്താകാതെ നിന്നു.

Tags:    

Similar News