കരകയറ്റിയത് രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്
അഡ്‌ലെയ്ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം, രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. 73 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 61 റൺസ് സംഭാവന ചെയ്തപ്പോൾ, അക്സർ പട്ടേൽ 44 റൺസെടുത്ത് മധ്യനിരയിൽ നിർണായക പങ്കുവഹിച്ചു. ഓസ്ട്രേലിയൻ ബൗളിംഗിൽ ആദം സാംപ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സേവിയർ ബാർട്ട്‌ലെറ്റ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ നേടി.
മത്സരത്തിന്റെ തുടക്കത്തിൽ ഓസീസ് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിരവിയർത്തു. ആദ്യ അഞ്ചോവറിൽ ഓസീസ് ബൗളർമാർ ഇന്ത്യയെ പിടിച്ചുകെട്ടി. ഹേസൽവുഡ് രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞപ്പോൾ, രോഹിത് ശർമ്മ ഭാഗ്യം കൊണ്ടാണ് പുറത്താവാതെ നിന്നത്. റണ്ണൗട്ടിൽ നിന്നും എൽബിഡബ്ല്യൂ അപ്പീലുകളിൽ നിന്നും രക്ഷപ്പെട്ടെങ്കിലും രോഹിത് ക്രീസിൽ പിടിച്ചുനിന്നു. എന്നാൽ, ഏഴാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തൊട്ടുപിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പവർ പ്ലേയിൽ വെറും 29 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ഇന്ത്യ.
എന്നാൽ, പിന്നീട് ക്രീസിലെത്തിയ രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തേകി. ആദ്യ പത്തോവറിൽ 19 റൺസെടുത്ത രോഹിത്, പിന്നീട് വേഗത കൂട്ടി. 74 പന്തിൽ രോഹിത് അർധസെഞ്ചുറിയിലെത്തി. മികച്ച പിന്തുണയുമായി ശ്രേയസ് അയ്യരും ഒപ്പം ചേർന്നതോടെ ഇന്ത്യ 24-ാം ഓവറിൽ 100 റൺസ് പിന്നിട്ടു. 67 പന്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ്, രോഹിത്തിനൊപ്പം മൂന്നാം വിക്കറ്റിൽ 136 പന്തിൽ 118 റൺസ് കൂട്ടിചേർത്ത് ഇന്ത്യയെ തിരിച്ചുവരവിന് സഹായിച്ചു.
എന്നാൽ, സെഞ്ചുറിയോട് അടുക്കുകയായിരുന്ന രോഹിത്തിനെ (73) മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിയുകയും ഇന്ത്യൻ സ്കോറിംഗ് വേഗത കുറയുകയും ചെയ്തു. ശ്രേയസ് അയ്യർ 61 റൺസെടുത്ത് പുറത്തായെങ്കിലും, അക്സർ പട്ടേൽ 44 റൺസെടുത്ത് ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ കാര്യമായ സംഭാവന നൽകാൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞില്ല.