'ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവ് എല്ലാ ടീമുകൾക്കുമുണ്ട്, വിജയിയെ നിർണയിക്കുന്നത് മൂന്നര മണിക്കൂർ'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് കോച്ച് ഫിൽ സിമൺസ്
കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് മുഖ്യപരിശീലകൻ ഫിൽ സിമൺസ്. ഏത് ടീമിനും ഇന്ത്യയെ തോൽപ്പിക്കാൻ കഴിവുണ്ടെന്നും, ഇന്നത്തെ മത്സരത്തിലെ പ്രകടനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവ് എല്ലാ ടീമുകൾക്കുമുണ്ട്. മത്സരം നിർണയിക്കുന്നത് അതാത് ദിവസത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇന്നുവരെയുള്ള ഇന്ത്യയുടെ കളിഎല്ലാ പ്രധാനം. ബുധനാഴ്ച എന്താണ് സംഭവിക്കുന്നത് എന്നതിലാണ് കാര്യം. അന്നത്തെ മൂന്നര മണിക്കൂറിൽ എന്ത് സംഭവിക്കുമെന്നത് അനുസരിച്ചാണ് വിജയം നിർണ്ണയിക്കപ്പെടുക,' സിമൺസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇരുടീമുകളും വിജയത്തോടെ സൂപ്പർ ഫോർ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളും തമ്മിൽ ടി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ 16ലും ഇന്ത്യയ്ക്കായിരുന്നു വിജയം.
എന്നാൽ, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ന് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. നാല് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനെതിരെ നേടിയ 6 വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.