ലക്ഷ്യം ഏകദിന, ടെസ്റ്റ് ലോകകപ്പ്; ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികള്‍ക്കൊരുങ്ങി ബിസിസിഐ; ടീമിലെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ടീമിലെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് അഭ്യര്‍ത്ഥിച്ച് ബിസിസിഐ. വരാനിരിക്കുന്ന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ക്കണ്ടാണ് ബിസിസിഐയുടെ നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ രോഹിത് ട്വന്റി 20ിയില്‍ നിന്ന് വിരമിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനും ടെസ്റ്റ് ക്യാപറ്റനും രോഹിത്താണ്.
അതേസമയം വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാലും സമാന രീതിയില്‍ ഒരുപക്ഷേ ക്യാപ്റ്റന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ടെസ്റ്റ് ടീമിലേക്കും ഇനി പരിഗണിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ താരം ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനുള്ള സാധ്യതയും തെളിഞ്ഞു. സമീപ കാലത്ത് ഫോം ഇല്ലാതെ ഉഴലുകയാണ് രോഹിത്. പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റില്‍. താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഏകദിനത്തിലെ ഭാവി ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ബി.സി.സി.ഐയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോര്‍മാറ്റിലെ നായകന്മാരെയും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ രോഹിത്തിന്റെ ഭാവി തീരുമാനം സംബന്ധിച്ച് വ്യക്തത വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ബി.സി.സി.ഐ ക്ക് മുന്നോട്ടുപോകാനാകൂ. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികളാണ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്. ഇതോടെയാണ് രോഹിതിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ചോദ്യ ചിഹ്ന്ത്തിലായത്.
എന്നാല്‍ സമാന സാഹചര്യമാണ് വിരാട് കോഹ്ലിക്കുമുള്ളത്. എന്നാല്‍ താരത്തിനു അല്‍പ്പം കൂടി സമയം അനുവദിക്കാനാണ് ബിസിസിഐ തീരുമാനമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെലക്ഷന്‍ മീറ്റിങ്ങില്‍ തന്നെ സെലക്ടര്‍മാരും ബോര്‍ഡ് അംഗങ്ങളും രോഹിത്തുമായി ചര്‍ച്ച നടത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ടീമിലെ ഭാവി സംബന്ധിച്ചുള്ള തീരുമാനമെടുക്കണമെന്ന് താരത്തെ അറിയിച്ചതായാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളെ ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ യുടെ നീക്കം.
രോഹിത് ഒഴിഞ്ഞാല്‍ ടെസ്റ്റ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ ഫിറ്റ്നസാണ് ആശങ്ക സൃഷ്ടിക്കുന്നത്. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, യശ്സ്വി ജയ്സ്വാള്‍ എന്നിവരേയും ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.