അഭിമന്യു ഈശ്വരന്റെ സെഞ്ചുറി; വിജയ് ഹസാരെയിൽ അഞ്ചിൽ നാലും ജയിച്ച് ബംഗാൾ; അസമിനെതിരെ പരാജയപ്പെടുത്തിയത് 85 റൺസിന്; മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

Update: 2026-01-03 14:07 GMT

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ അസമിനെതിരെ 85 റൺസിന്റെ ആധികാരിക ജയവുമായി ബംഗാൾ. നായകൻ അഭിമന്യു ഈശ്വരന്റെ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ബംഗാളിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടി. അസമിന്റെ മറുപടി ബാറ്റിംഗ് 217ൽ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗാളിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 11 റൺസെടുത്ത അഭിഷേക് പോറൽ നേരത്തെ പുറത്തായി. പിന്നീട് സുദീപ് ഘരാമിയുമൊത്ത് 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഈശ്വരൻ ബംഗാൾ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. 116 പന്തിൽ നിന്ന് 102 റൺസെടുത്ത അഭിമന്യു ഈശ്വരൻ ബംഗാൾ ഇന്നിംഗ്സിന് അടിത്തറ പാകി. 10 ബൗണ്ടറികളടങ്ങിയതായിരുന്നു ഈശ്വരന്റെ ഇന്നിംഗ്സ്.

അവിനാവ് ചൗധരിയുടെ പന്തിൽ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച അനുഷ്ടുപ് മജുംദാർ പുറത്തായി. 111 പന്തിൽ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ അവിനാവ് ചൗധരിയുടെ പന്തിൽ ക്യാച്ച് നൽകി ഈശ്വരനും മടങ്ങി. പിന്നീട് ക്രീസിലെത്തിയ ഷഹബാസ് അഹമ്മദ് 66 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് (57 പന്തിൽ പുറത്താകാതെ 66 റൺസ്), ആകാശ് ദീപ്, മുഹമ്മദ് ഷമി എന്നിവർ അതിവേഗം റൺസ് നേടിയതോടെ ടീം സ്കോർ മുന്നൂറ് കടന്നു.

302 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ അസമിന് 42.1 ഓവറിൽ 217 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷമി പ്രഹരമേൽപ്പിച്ചു. ഷമിയുടെ പന്തിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച പ്രദ്യുൻ സൈകിയ ഷോർട്ട് കവറിൽ ഘരാമിക്ക് ക്യാച്ച് നൽകി പുറത്തായി. തുടർന്ന് സൗരവ് ദിഹിംഗിയയും നായകൻ സുമിത് ഗാഡിഗാവുങ്കറും (40 റൺസ്, 54 പന്ത്) ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 31 റൺസെടുത്ത ദിഹിംഗിയയുടെ പുറത്തായി.

മത്സരത്തിനിടെ ബംഗാൾ താരം അഭിഷേക് പോറൽ ഇടത് തോളിലേറ്റ പരിക്ക് മൂലം കളം വിട്ടു. പകരക്കാരനായി സുമിത് നാഗ് ആണ് വിക്കറ്റിന് പിന്നിലെത്തിയത്. മധ്യനിരയെ കൂട്ടുപിടിച്ച് ഗാഡിഗാവുങ്കർ പൊരുതി നോക്കിയെങ്കിലും ഷമിയുടെ കൃത്യതയാർന്ന ഒരു യോർക്കറിൽ താരം വീണു. ഡെനിഷ് ദാസിന്റെ (43 റൺസ്, 52 പന്ത്) ചെറുത്തുനിൽപ്പിന് അസമിനെ ജയത്തിലേക്ക് നയിക്കാനായില്ല. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് റൺ ഔട്ടുകളും അസമിന്റെ പതനം വേഗത്തിലാക്കി.

Tags:    

Similar News